ജയറാമിന്റെ പശു ഫാമിനെ കുറിച്ചുള്ള വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നതും ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നതും കാളിദാസ് ജയറാമാണ്.

ആനകളോടും ചെണ്ട മേളത്തോടുമൊക്കെ ജയറാമിനുള്ള ഇഷ്‍ടം പ്രസിദ്ധമാണ്. ഇപ്പോഴിതാ പശു വളര്‍ത്തലിലും പരിപാലനത്തിലും ജയറാം കാട്ടുന്ന ശ്രദ്ധയാണ് വാര്‍ത്തയാകുന്നത്.

ജയറാം ഫാം നടത്തുന്നുണ്ടെന്നത് താരത്തെ കുറിച്ചുള്ള വാര്‍ത്തകളിലൊന്നും വന്നിരുന്നില്ല. അച്ഛന്റെ പശു ഫാമിനെ കുറിച്ച് പരിചയപ്പെടുത്താൻ മകൻ കാളിദാസ് ജയറാം തന്നെ സംവിധാനവും ഛായാഗ്രാഹണവും നിര്‍വഹിച്ച് ഒരു വീഡിയോ എടുത്തിട്ടുണ്ട്. മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരാണ് ജയറാം ഫാമിന് നല്‍കിയിരിക്കുന്നത്. അഞ്ച് പശുക്കളുമായിട്ടാണ് ഫാം തുടങ്ങിയത്. പത്തു വര്‍ഷം മുമ്പ് തുടങ്ങിയ ഫാമില്‍ ഇപ്പോള്‍ അമ്പതോളം പശുക്കളുണ്ട്. ദിവസം 300 ലിറ്ററോളം പാലാണ് ലഭിക്കുന്നത്. പശുവിന് സ്വതന്ത്രമായി മേയാനുള്ള സൗകര്യവും ഫാമിലുണ്ട്. കൃഷ്‍ണഗിരി, ഹൊസൂര്‍, ബംഗളൂരു തുടങ്ങിയവിടങ്ങളെല്ലാം പോയി നേരിട്ട് കണ്ടാണ് പശുക്കളെ ജയറാം വാങ്ങിയത്. പശുക്കള്‍ക്ക് വേണ്ട പുല്ല് ഫാമില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.