അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം

മലയാളി ഇന്നും കാണുന്ന നിരവധി എവര്‍ഗ്രീന്‍ ചിത്രങ്ങളിലെ നായകനാണ് ജയറാം. എന്നാല്‍ അദ്ദേഹത്തിന്‍റെ താരമൂല്യത്തിനും ജനപ്രീതിക്കും അനുസരിച്ച്, പുതുകാലത്തിന്‍റെ ആസ്വാദനക്ഷമതയ്ക്ക് ചേരുന്ന ഒരു ചിത്രം ജയറാമിനെ തേടി എത്തിയിട്ടില്ല. എന്നാല്‍ അത്തരത്തിലൊന്ന് സംഭവിക്കുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് വരുന്ന വര്‍ഷം മലയാളത്തില്‍ അദ്ദേഹത്തിന്‍റെ ആദ്യ റിലീസ്. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് ആ ചിത്രം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 11 ന് ആണ്. 

വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഹൈപ്പ് ലഭിച്ച ചിത്രമാണ് ഓസ്‍ലര്‍. നിരവധി ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്. ജയറാമിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാതമായിരിക്കും ഇതിലെ അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നാണ് കരുതപ്പെടുന്നത്. 

കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രമായി എത്തുന്നത്. ഇത്തരമൊരു ക്രൈം ത്രില്ലർ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നതും ഇതാദ്യമാണ്. 
 ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അന്വേഷണമാണ് ഡിസിപി അബ്രഹാം ഓസ്‍ലര്‍ നിർവ്വഹിക്കുന്നത്.
ഏറെ നിർണ്ണായകമായ ചില വഴിത്തിരിവുകളും അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകർക്ക് വലിയ കൗതുകം നൽകുന്നവയായിരിക്കും.

അർജുൻ അശോകൻ, സൈജുക്കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസോസിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തി
ക്കും. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ സുഹൈബ്.

ALSO READ : വര്‍ഷം 18 സിനിമകള്‍ വരെ! ചെറിയ ബജറ്റില്‍ വന്‍ വിജയങ്ങള്‍; ഒരു കാലത്ത് കോളിവുഡിനെ ഭരിച്ച 'ക്യാപ്റ്റന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം