തെലുങ്കില്‍ പുതിയ ചിത്രവുമായി ജയറാം. പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാ'മിലാണ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുതായി ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ജയറാം തന്നെയാണ് പുതിയ വിശേഷം പങ്കുവച്ചത്. പ്രഭാസിനൊപ്പം അഭിനയിക്കുന്നതിന്‍റെ ആഹ്ളാദത്തെക്കുറിച്ചും ജയറാം കുറിച്ചു. 

വേണ്ടത്ര വിജയം നേടാതെപോയ 'സാഹൊ'യ്ക്കു ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് ഇത്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേഡേക്കര്‍, പ്രിയദര്‍ശി പുലികൊണ്ട, ഭാഗ്യശ്രീ, മുരളി ശര്‍മ്മ, കുനാല്‍ റോയ് കപൂര്‍, സത്യന്‍, സാഷ ഛേത്രി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമ ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേതാണ്.

അതേസമയം ജയറാമിന്‍റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. അനുഷ്‍ക ഷെട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'ഭാഗ്മതി' (2018) ആയിരുന്നു ജയറാമിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ 'അല വൈകുണ്ഠപുരമുലോ'യിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ വിജയങ്ങളായിരുന്നു ഇതിനെത്തുടര്‍ന്ന് ജയറാമിന് തെലുങ്കില്‍ നിന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.