കൊവിഡ് 19ന് എതിരെ പ്രതിരോധമായും ബോധവത്‍ക്കരണത്തിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യൂവില്‍ ഇന്ന്  രാജ്യം ഒറ്റക്കെട്ടായി അണിചേര്‍ന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പാത്രം കൊട്ടിയും കൈ കൊട്ടിയും നന്ദി അറിയിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‍തിരുന്നു. ആദ്യം ജനതാ കര്‍ഫ്യുവിനെതിരെ വിമര്‍ശനം വന്നിരുന്നു. എന്നാല്‍ പിന്നീട് പ്രമുഖരടക്കമുള്ളവര്‍ ജനതാ കര്‍ഫ്യുവിന് പിന്തുണയായി എത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ജയസൂര്യയും.

സാമൂഹ്യമാധ്യമത്തില്‍ ഒരു കുറിപ്പിട്ടാണ് ജയസൂര്യ നന്ദി അറിയിച്ചിരിക്കുന്നത്. പ്രളയകാലത്തും നിപ കാലത്തും ഇപ്പോൾ കൊറോണാ ദുരിത കാലത്തും. ഞങ്ങളെ കാത്ത, ഇപ്പോൾ കാത്തു കൊണ്ടിരിക്കുന്ന സംസ്ഥാന/ കേന്ദ്ര ഗവൺമെന്റിനും ആരോഗ്യ പ്രവർത്തകർക്കും, മറ്റ് എല്ലാ മേഖലയിൽ ഉള്ളവർക്കും നന്ദിയെന്നാണ് ജയസൂര്യ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യുവിന് പിന്തുണയുമായും ജയസൂര്യ രംഗത്ത് എത്തിയിരുന്നു. കര്‍ഫ്യു അല്ല കെയര്‍ ഫോര്‍ യു എന്ന് എഴുതിയ ഫോട്ടോയായിരുന്നു ജയസൂര്യ ഷെയര്‍ ചെയ്‍തത്. ഓരോരുത്തരുടെയും സുരക്ഷിതത്വത്തിനായി എന്ന അര്‍ത്ഥത്തിലായിരുന്നു ജയസൂര്യ പറഞ്ഞത്.