കത്തനാര്‍ എന്ന കരിയറിലെ ഏറ്റവും വലിയ സിനിമയുടെ തിരക്കുകളിലായിരുന്നു ജയസൂര്യ
പുതുവര്‍ഷത്തില്‍ ജയസൂര്യയുടെ ആദ്യ ചിത്രം വിനായകനൊപ്പം. ആനുഗ്രഹീതന്‍ ആന്‍റണി എന്ന ചിത്രം ഒരുക്കിയ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യയും വിനായകനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജെയിംസ് സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജയസൂര്യയ്ക്കും വിനായകനും സംവിധായകനുമൊപ്പം നില്‍ക്കുന്ന ചിത്രവും മിഥുന്‍ ഒപ്പം പങ്കുവച്ചിട്ടുണ്ട്.
കത്തനാര്‍ എന്ന കരിയറിലെ ഏറ്റവും വലിയ സിനിമയുടെ തിരക്കുകളിലായിരുന്നു ജയസൂര്യ. കഴിഞ്ഞ വര്‍ഷം ജയസൂര്യയുടേതായി ഒരു ചിത്രം പോലും തിയറ്ററുകളില്‍ എത്തിയിരുന്നില്ല. 2023 ല്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ഒരു ചിത്രം (എന്താടാ സജി) മാത്രമാണ് റിലീസ് ആയത്. റോജിന്‍ തോമസ് ആണ് കത്തനാരുടെ സംവിധാനം. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. അനുഷ്ക ഷെട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിതെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക.
അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 ഉും ജയസൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ആട് 3 തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി.
ALSO READ : സന്തോഷ് കീഴാറ്റൂര്‍ പ്രധാന താരം; '1098' ട്രെയ്‍ലര്‍ പുറത്തെത്തി
