ജീത്തു ജോസഫ്- ഫഹദ് ഫാസിൽ കോമ്പോ മികച്ചൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിൽ ആണ് സിനിമാസ്വാദകർ.
നേര് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഫഹദ് ഫാസിൽ ആണ് ജീത്തു പടത്തിലെ നായകൻ. നേരിന് തിരക്കഥ ഒരുക്കിയ ശാന്തി മായാദേവി തന്നെയാണ് ഈ സിനിമയും എഴുതിയിരിക്കുന്നത്. ഈ ഫോർ എന്റർടെയ്ൻമെൻസ് ആണ് നിർമാണം.
ജീത്തു ജോസഫ്- ഫഹദ് ഫാസിൽ കോമ്പോ മികച്ചൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിൽ ആണ് സിനിമാസ്വാദകർ. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പിന്നാലെ പുറത്തുവരും. മോഹന്‍ലാല്‍ നായകനായി എത്തി കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ആയിരുന്നു നേര്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം 100 കോടി ബിസിനസും സ്വന്തമാക്കിയിരുന്നു.
അതേസമയം, റാം എന്ന മോഹന്‍ലാല്‍ ചിത്രത്തിനായാണ് കഴിഞ്ഞ കുറേ നാളായി മലയാളികള്‍ കാത്തിരിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന റാമിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും ജീത്തു തന്നെയാണ്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്.
അടുത്തിടെ ചിത്രത്തിന്‍റെ പ്രൊഡ്യൂസറെ ജീത്തു പരിചയപ്പെടുത്തിയിരുന്നു. തന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് അത്. ഇതേ അവസരത്തില്‍ റാമിന്‍റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും ജീത്തു അറിയിച്ചിരുന്നു. ആവേശം ആണ് ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിഷു റിലീസ് ആയെത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസില്‍ 150 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു.
