ജീത്തുവിന് ജന്മദിന ആശംസകളുമായി 'ട്വല്‍ത്ത് മാൻ' മെയ്‍ക്കിംഗ് വീഡിയോ.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ് (Jeethu Joseph). ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്‍മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ദൃശ്യം രണ്ടും മലയാള ചരിത്രത്തിന്റെ അവിസ്‍മരണീയ ഏടുകളുമാണ്. മോഹൻലാല്‍ നായകനായ ചിത്രം ട്വല്‍ത്ത് മാൻ (12th man) ആണ് ജീത്തു ജോസഫിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുമാണ് ഇത്. ജീത്തുവിന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. ട്വല്‍ത്ത് മാൻ ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ ആണ് ഇപോള്‍ ജീത്തുവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ചിരിക്കുന്നത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്‍മാൻ എത്തുക. ജീത്തു ജോസഫ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ട്വല്‍ത്ത് മാൻ എന്ന ചിത്രം മോഹൻലാല്‍ ജീത്തു ജോസഫ് ടീമിന്റെ വിജയകൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണമായി മാറട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.