ആദ്യം എഴുതിയ തിരക്കഥയെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ്.

സംവിധായകരില്‍ മലയാളത്തില്‍ ഇപ്പോള്‍ ഒരു ബ്രാൻഡാണ് ജീത്തു ജോസഫ്. സംവിധായകനായും തിരക്കഥാകൃത്തായും പേരെടുത്ത ജീത്തു ജോസഫിന്റെ ക്രെഡിറ്റില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുണ്ട്. ദൃശ്യം 3യാണ് ഇനി പുറത്തിറങ്ങാനുള്ളത്. ദൂരദര്‍ശനു വേണ്ടിയാണ് താൻ ആദ്യം കഥയെഴുതിയത് എന്ന് വെളിപ്പെടുത്തിയുള്ള ജീത്തു ജോസഫിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജീത്തു ജോസഫിന്റെ വാക്കുകള്‍

ഞാൻ ആദ്യം എഴുതിയത് സിനിമയ്‍ക്കല്ല, ദുരദര്‍ശനുവേണ്ടിയുള്ള ഒരു പരമ്പരയായിരുന്നു അത്. 13 എപ്പിസോഡുകളുള്ള പരമ്പരകളുടെ കാലമായിരുന്നു. മാത്രമല്ല വലിയ സ്വാധീനമുണ്ടെങ്കില്‍ മാത്രമേ അന്ന് പരമ്പരകള്‍ക്ക് അംഗീകാരം കിട്ടൂ. എഴുതിയ പരമ്പരയുമായി ഞാൻ തിരുവനന്തപുരത്ത് പോയി, അവിടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ ദൂരദര്‍ശൻ പരമ്പര സ്വീകരിച്ചില്ല.

എനിക്ക് വലിയ വിഷമമായി. ഞാൻ സ്‍ക്രിപ്റ്റ് കത്തിച്ചുകളഞ്ഞു. അന്ന് അമ്മച്ചി എന്നോട് ചോദിച്ചു, എന്തിനാണ് അത് കത്തിച്ച് കളഞ്ഞത് എന്ന്. ഒരു മൂലയ്‍ക്ക് വെക്കാൻ പാടില്ലായിരുന്നു എന്ന്. അന്ന് അങ്ങനെ തോന്നി. അങ്ങനെ ഞാൻ ചെയ്‍തു.

ദൃശ്യം 3യെ കുറിച്ച്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലർ അടുത്തടെ റിലീസ് ചെയ്‍തിരുന്നു. ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും പിടിച്ചിരുത്തുന്നതുമായ ഡയലോ​ഗുകൾ കൊണ്ട് മുഖരിതമായ ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് നൽകിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണണ് ലഭിക്കുന്നത്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 10 കോടി കവിഞ്ഞുവെന്നാണ് സൗത്ത് ഇന്ത്യ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായാണ് ഏവരും കാത്തിരിക്കുന്നത്. മൂന്നാം ഭാഗം അല്പം ഇമോഷണലും ജോര്‍ജുകുട്ടിയ്ക്ക് പേടിയും നല്‍കുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്.

യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക