മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒന്നായിരിക്കും ദൃശ്യം  എന്ന വിജയചിത്രത്തിന്റെ രണ്ടാം ഭാഗം. മോഹൻലാല്‍ നായകനാകുന്ന ദൃശ്യ വിസ്‍മയത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങിയിരിക്കുന്നു. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീന, അൻസിബ, എസ്‍തര്‍ എന്നിവരും മോഹൻലാലിനൊപ്പം ചിത്രത്തിലുണ്ട്. സിദ്ദിഖ്, ആശാ ശരത് തുടങ്ങിയവരും ഉണ്ടാകും. ജോര്‍ജുകുട്ടിയുടെയും കുടുംബത്തോടൊപ്പം ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

കൊവിഡ് പരിശോധന നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങിയത്. ആദ്യത്തെ പത്ത് ദിവസത്തെ ഇൻഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാണ ചിത്രീകരണം തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം.

സിനിമാപ്രേമികളില്‍ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗം എത്തുമ്പോഴുള്ള പ്രതീക്ഷകളും വെല്ലുവിളിയാണ്. ആ ആസ്വാദക പ്രതീക്ഷളെ തൃപ്‍തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്.

നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആന്‍റണി, അതിന്‍റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്, മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍. സിനിമയ്ക്ക് ചെലവ് കൂടും. കാരണം ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്ക് ആണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് അടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്‍ക് ആണ്. സിനിമ റിലീസ് ചെയ്‍ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സ് ത്രില്ലുള്ളൂ. അതിനുശേഷവും ആ ത്രില്‍ നിലനിര്‍ത്തുന്ന സിനിമ ഓടും. ദൃശ്യം 2 അത്തരം സിനിമയാണെന്നു ഞാന്‍ കരുതുന്നുവെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.