പുരി ജഗന്നാഥ് സംവിധാനം

രാജ്യത്ത് ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി തെലുങ്കില്‍ നിന്നാണ് വരുന്നത്. രാജമൗലിയുടെ ബാഹുബലിയാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. ബാഹുബലി 2നു ശേഷം അടുത്തിടെ അല്ലു അര്‍ജുന്‍റെ പുഷ്‍പയും കഴിഞ്ഞ വാരം എത്തിയ രാജമൗലിയുടെ തന്നെ ആര്‍ആര്‍ആറുമൊക്കെ നേടുന്നത് ബോളിവുഡിന്‍റെതന്നെ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങളാണ്. ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം കൂടി വരുന്നു. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജെജിഎം എന്നാണ് പേരിട്ടിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രോജക്റ്റിന്‍റെ പ്രഖ്യാപനം.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയ് ദേവരകൊണ്ട മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പുരി ജഗന്നാഥ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പുരി കണക്ട്, ശ്രീകര സ്റ്റുഡിയോ എന്നീ ബാനറുകളില്‍ ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, സിങ്ക റാവു, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മാസ് എന്‍റര്‍ടെയ്നര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. എന്നെ ഏറെ ആവേശഭരിതനാക്കുന്ന പ്രോജക്റ്റ് ആണിത്. സവിശേഷതയുള്ള, എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചാര്‍മിക്കും അവളുടെ ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ മുന്‍പ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ഇത്, വിജയ് ദേവരകൊണ്ട ചിത്രത്തെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷ പങ്കുവച്ചു. 

Scroll to load tweet…

ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകള്‍ ഉണ്ട്. 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. പിആര്‍ഒ ശബരി.

പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനിച്ചു; 'ട്വല്‍ത്ത് മാന്‍' ഇനി പ്രേക്ഷകരിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ആന്‍റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ഡയറക്ട് ഒടിടി റിലീസ് ആയി പ്ലാന്‍ ചെയ്‍തിരിക്കുന്ന ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. എന്നാല്‍ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലിന്‍റെ കഴിഞ്ഞ ഡയറക്ട് ഒടിടി റിലീസ് ആയ, പൃഥ്വിരാജ് സുകുമാരന്‍ സുകുമാരന്‍ സംവിധാനം ചെയ്‍ത ബ്രോ ഡാഡി റിലീസ് ചെയ്‍ത ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ട്വല്‍ത്ത് മാനും എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വന്‍ പ്രേക്ഷകപ്രീതി നേടിയ ദൃശ്യം 2നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ട്വല്‍ത്ത് മാനിന്‍റെ യുഎസ്‍പി. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.