ചിത്രത്തിലെ ഒരു രംഗത്തിൽ മമ്മൂട്ടിയുടെ പുരികത്തിന്റെ സൂക്ഷ്മമായ ചലനം കണ്ട് അങ്ങനെയൊരു അഭിനയം സാധ്യമാണോ എന്ന് താൻ അത്ഭുതപ്പെട്ടുപോയതായി ജിബിൻ വെളിപ്പെടുത്തി.
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പ്രണവിന്റെ പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ജിബിൻ ഗോപിനാഥ് അവതരിപ്പിച്ച മധുസൂദനൻ പോറ്റി എന്ന കഥാപാത്രം. ജിതിൻ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിലും ജിബിൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച ജിബിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
കളങ്കാവലിലെ ഒരു രംഗത്തിൽ മമ്മൂട്ടിയുടെ പുരികത്തിന്റെ അനക്കം കണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് താൻ ചിന്തിച്ചെന്ന് ജിബിൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജിബിന്റെ പ്രതികരണം. "ഒരോ സിനിമയിലും പുതിയ കാര്യങ്ങള്‍ ട്രൈ ചെയ്യുന്നയാളാണ് മമ്മൂക്ക. കളങ്കാവിലിലും അദ്ദേഹത്തിന്റെ ഫെര്‍ഫോമന്‍സ് നേരിട്ട് കണ്ട് അതിശയപ്പെട്ടിട്ടുണ്ട്. മമ്മൂക്കയുടെ പെര്‍ഫോമന്‍സിനെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. സിനിമയിലെ ഒരു സീനില്‍ അദ്ദേഹത്തിന്റെ പുരികത്തിന്റെ അനക്കം കണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചു." ജിബിൻ പറയുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവൽ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ദുൽഖർ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നവംബർ 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


