പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത് ലിയോണാർഡോ ഡികാപ്രിയോ നായകനായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ഒടിടിയിൽ സ്ട്രീം ചെയ്യുന്നു.

വിഖ്യാത അമേരിക്കൻ ഫിലിംമേക്കർ പോൾ തോമസ് ആൻഡേഴ്സൺ, ലിയോണാർഡോ ഡികാപ്രിയോയെ നായകനാക്കി ഒരുക്കിയ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another ) ഒടിടി റിലീസായി എത്തിയിരിക്കുന്നു. സെപ്റ്റംബർ 26 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നായിരുന്നു പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ. ഡി കാപ്രിയോയുടെ ഗംഭീര പ്രകടനം സിനിമയുടെ മുതൽകൂട്ടാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രൈം വീഡിയോയിലൂടെ രേന്റ്റ് അടിസ്ഥാനത്തിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

നേരത്തെ പ്രിവ്യു ഷോയ്ക്ക് ശേഷം വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഭ്രാന്തമായ സിനിമ എന്നാണ് സ്റ്റീവൻ സ്പീൽബർഗ് ചിത്രത്തെ വിശേഷിപ്പിച്ചത്. "നിങ്ങൾ ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലെ ആക്ഷനെക്കാളധികം ഫൈറ്റ് രംഗങ്ങൾ ഈ സിനിമയുടെ ആദ്യ ഒരു മണിക്കൂറിൽ ഉണ്ട്. അത്രയ്ക്ക് അത്ഭുതപ്പെടുത്തുന്നതാണ് ഈ ചിത്രം." എന്നായിരുന്നു പോൾ തോമസ് ആൻഡേഴ്‌സണുമായുള്ള സംഭാഷണത്തിനിടെ സ്റ്റീവൻ സ്പീൽബർഗ് പറഞ്ഞത്.

ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ബൂഗി നൈറ്റ്സ്, മാഗ്‌നോളിയ, ദേർ വിൽ ബി ബ്ലഡ്, ദി മാസ്റ്റർ, ഫാന്റം ത്രെഡ് തുടങ്ങീ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മികച്ച ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പോൾ തോമസ് ആൻഡേഴ്സൺ. ഡികാപ്രിയോയുമായി പോൾ തോമസ് ആൻഡേഴ്സൺ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായിരുന്നു വൺ ബാറ്റിൽ ആഫ്റ്റർ അനദർ

പോൾ തോമസ് ആൻഡേഴ്‌സന്റെ ആദ്യ ഐ മാക്സ് ചിത്രം

മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായെത്തുന്ന ചിത്രം കൂടിയാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ. അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 115 മില്യൺ ഡോളർ ആണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്. ഐ മാക്സിൽ റിലീസ് ചെയ്യുന്ന പോൾ തോമസ് ആൻഡേഴ്സന്റെ ആദ്യ ചിത്രം കൂടിയാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ.