നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ 50 കോടി കളക്ഷൻ നേടിയ ചിത്രം, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മമ്മൂട്ടി സിനിമയെന്ന റെക്കോർഡും സ്വന്തമാക്കി.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി- വിനായകൻ ചിത്രം കളങ്കാവൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. നാല് ദിവസങ്ങൾ കൊണ്ട് 50 കോടിയാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ചിത്രം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയ നടൻ ജിബിൻ ഗോപിനാഥ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. മമ്മൂട്ടിയുമായുമുള്ള ഒരു സംഭാഷത്തെ കുറിച്ചുകൊണ്ടാണ് ജിബിൻ ഗോപിനാഥ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്.
"Sir : ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ..
ഞാൻ : ആ കൊണ്ടുവന്നിട്ടുണ്ട്
Sir : (ചിരിച്ചുകൊണ്ട് ) എനിക്ക് വേണ്ട നീ വച്ചോ..
ഞാൻ : എനിക്കൊരു pic വേണം
Sir : നിനക്കെന്തിനു, അതൊന്നും പറ്റൂല
ഞാൻ : എനിക്ക് വേണം, നമ്മൾ ജയിച്ചതിന്....
Sir : (ചെറിയ ചിരിയോടെ) വാ....
വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ..." ജിബിൻ ഗോപിനാഥ് കുറിച്ചു
അതേസമയം ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇന്നലെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. മമ്മൂട്ടിക്കമ്പനിയുടെ ഏഴാം ചിത്രമായെത്തിയ കളങ്കാവൽ നവാഗതനായ ജിതിൻ ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികവാർന്ന പ്രകടനം തന്നെയാണ് സിനിമയുടെഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.കുറുപ്പ് എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
മലയാളത്തിൽ ആദ്യമായി 21 നായികമാർ ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു കളങ്കാവൽ. എട്ട് മാസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നേരത്തെ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഏറ്റവും ഒടിവിലെത്തിയ മമ്മൂട്ടി ചിത്രം. എന്തായാലും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂക്കയുടെ ബോക്സ് ഓഫിസിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് കളങ്കാവലിലൂടെ നടക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.



