2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ കെ.എസ്.യുവിന്റെ വിജയത്തെ ആസ്പദമാക്കിയാണ് 'ഒരു മെക്സിക്കൻ അപാരത' ഒരുക്കിയത്
ടോം ഇമ്മട്ടി സംവിധാനം ചെയ്‍ത ടോവിനോ തോമസ് ചിത്രം 'ഒരു മെക്സിക്കൻ അപാരത'യെ ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്. 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ കെ.എസ്.യുവിന്റെ വിജയത്തെ ആസ്പദമാക്കിയാണ് 'ഒരു മെക്സിക്കൻ അപാരത' ഒരുക്കിയതെന്നും യഥാര്‍ത്ഥത്തില്‍ നായകന്‍ കെ.എസ്.യുക്കാരനും വില്ലന്മാര്‍ എസ്എഫ്‌ഐക്കാരുമായിരുന്നു എന്ന് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ നടനും സംവിധായകനുമായ രൂപേഷ് പിതാംമ്പരന്റെ പ്രസ്‍താവനയ്ക്ക് പിന്നാലെയാണ് ഇപ്പോഴുള്ള വിവാദങ്ങൾക്ക് തുടക്കമാവുന്നത്. ചിത്രത്തിൽ ഒരു വേഷം ചെയ്ത ജിനു ജോണിന്റെ ജീവിത കഥയാണെന്നും താൻ സുഹൃത്തുക്കൾക്ക് വേണ്ടി തന്റെ കഥയിൽ മാറ്റം വരുത്താൻ അനുമതി കൊടുത്തിരുന്നുവെങ്കിലും സിനിമയുടെ റിലീസിന് ശേഷം യഥാർത്ഥ കഥ പുറംലോകത്തെ അറിയിക്കുമെന്ന ടോം ഇമ്മട്ടിയുടെ വാക്കിന് പുറത്താണ് താൻ സമ്മതിച്ചതെന്ന് ജിനോ ജോൺ പറഞ്ഞിരുന്നു. എന്നാൽ പല കോളേജുകളിലും ഒരു മെക്സിക്കൻ അപാരതയിലെ ഡയലോഗുകൾ പറഞ്ഞ് കെഎസ്‍യുക്കാർ അടിവാങ്ങിയെന്ന് ജിനോ ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

'സിനിമ ഇറങ്ങി എനിക്ക് ഏറെ വിഷമം തോന്നിയത്. ഒരു മെക്സിക്കൻ അപാരതയിലെ ഡയലോഗുകൾ കേട്ട് എത്ര കെഎസ്‍യുക്കാർ കേരളത്തിലെ എത്ര കോളേജുകളിൽ അടി വാങ്ങി?. ഇതെല്ലാം ഞാൻ ടോമിനോട് ചർച്ച ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ടുപോലും ഇത് ജിനോ ജോണിന്റെ കഥയാണെന്നും ഇത് സിനിമയ്ക്ക് വേണ്ടി ട്വിസ്റ്റ് ചെയ്തതാണെന്നും പറഞ്ഞില്ല.സിനിമയിറങ്ങി, ഈ വിഷയം കത്തി നിൽകുമ്പോൾ പല പ്രമുഖ മാധ്യമങ്ങളിൽ നിന്ന് ഇതിന്റെ നിജസ്ഥിതി അറിയാൻ കോളുകൾ വന്നിരുന്നു. അപ്പോൾ ടോമിനോട് എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ ഒന്നും പ്രതികരിക്കണ്ടെന്നും നമുക്ക് കുറച്ചു കഴിഞ്ഞ് എല്ലാം സംസാരിക്കാമെന്നുമാണ് ടോം പറഞ്ഞത്. ഇപ്പോൾ പ്രതികരിച്ചാൽ പ്രൊഡ്യൂസറെയും ഒപ്പം കളക്ഷനെയും ബാധിക്കുമെന്നുമാണ് ടോം അന്ന് പറഞ്ഞത്. നമ്മുടെ സിനിമയെ ബാധിക്കരുതെന്ന ഒറ്റ നിർബന്ധം കൊണ്ടാണ് അന്ന് അതിനെതിരെ ഒന്നും പ്രതികരിക്കാതിരുന്നത്. കുറച്ചു കഴിഞ്ഞ് പറയാമെന്നാണ് ടോം പറഞ്ഞത്. ഇപ്പോൾ കുറച്ചു കഴിഞ്ഞ് എത്ര വർഷമായി?. നടന്ന സംഭവം അതുപോലെ സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. 2018ൽ 'ബ്ലൂ ഈസ് ദി വാമസ്റ്റ് കളർ' എന്ന പേരിൽ ഒരു സിനിമ അനൗൺസ് ചെയ്തിരുന്നു. പക്ഷേ പലതരം തടസങ്ങൾ വന്നിട്ട് അത് നടക്കാതെ പോവുന്നു.' - ജിനു ജോണിന്റെ വാക്കുകൾ

