കോഴിക്കോട്: പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്‍റെ സ്മരണക്കായി കോഴിക്കോട്ട് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് മേള. ലോകത്തെ മികച്ച ഹ്രസ്വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജോണ്‍എബ്രഹാം ഹ്രസ്വ ചലച്ചിത്ര മേള സംഘാടകര്‍ ഒരുക്കുന്നത്. 60 ചിത്രങ്ങളാണ് മൂന്ന് ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനത്തിനായി തെരെഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളും ഒന്നര ലക്ഷം രൂപയുടെ പുരസ്കാരത്തിനുള്ള മത്സരത്തിന് പരിഗണിക്കും.

പ്രത്യേക ജൂറിയാവില്ല മേളയിലെ പുരസ്കാരങ്ങള്‍ തീരുമാനിക്കുക. പകരം വോട്ടെക്സ് എന്ന ആപ്പിലൂടെ പ്രേക്ഷകര്‍ക്ക് തന്നെ മികച്ച സിനിമ, സംവിധായകന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ തെരെഞ്ഞെടുക്കാം. ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി ഹാളിലാണ് മേളയുടെ വേദി ഒരുക്കുന്നത്.

ഹ്രസ്വ ചിത്രങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയാണ് ജോണ്‍ എബ്രഹാം ഹ്രസ്വ ചലച്ചിത്ര മേളയുടെ ലക്ഷ്യം. ലോകത്തെ മികവുറ്റ ഹ്രസ്വ ചലച്ചിത്രകാരന്‍മാരുടെ പ്രധാനപ്പെട്ട സിനിമകള്‍ മേളയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് മുഖ്യ സംഘാടകന്‍.