Asianet News MalayalamAsianet News Malayalam

പ്രളയ ദുരിതത്തിലും 'അമ്പിളി'യെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് സംവിധായകൻ; സൗബിന്‍ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പെരുമഴയത്തും ചിത്രത്തെ നിറമനസോടെ സ്വീകരിച്ചതിന് നന്ദിയുണ്ടെന്ന് സംവിധായകൻ ജോണ്‍പോള്‍ ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു

johnpaul george aboutambili movie
Author
Trivandrum, First Published Aug 16, 2019, 10:15 AM IST

ആഗസ്റ്റ് ഒൻപതിനാണ് സൗബിന്‍ ഷാഹിറിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത 'അമ്പിളി' എന്ന ചിത്രം തിയേറ്ററിലെത്തിയത്. പ്രളയക്കെടുതിയെ തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അമ്പിളിയുടെ പ്രമോഷനും മറ്റും നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നിട്ടും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെയാണ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജോണ്‍പോള്‍ ജോര്‍ജ്ജ് രംഗത്ത് വന്നത്. പെരുമഴയത്തും തിയേറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് നന്ദിയുണ്ടെന്ന് ജോണ്‍പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവനനിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയേറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയേറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

Follow Us:
Download App:
  • android
  • ios