ജോജു ജോര്‍ജ്  സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്‍തു.

സാമൂഹ്യമാധ്യമങ്ങളില്‍ (Social media) സജീവമായി ഇടപെടുന്ന താരമാണ് ജോജു ജോര്‍ജ് (Joju George). പക്ഷേ ഫേസ്‍ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ട് ഡിലീറ്റ് ചെയ്‍തിരിക്കുകയാണ് ഇപോള്‍ ജോര്‍ജ് ജോര്‍ജ്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പ്രചരിച്ചെങ്കിലും ജോജു ജോര്‍ജ് സ്വയം ഡിലീറ്റ് ചെയ്‍തതാണെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു.

പ്രേക്ഷക മനസിലെ സ്ഥാനം മതി തനിക്കെന്നും അത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കേണ്ടെന്നുമാണ് ജോജു ജോര്‍ജ് അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ച സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു.

തുടര്‍ന്ന്, ജോജു മദ്യപിച്ചാണ് ബഹളമുണ്ടാക്കിയതെന്നും മഹിളാ നേതാക്കളോട് അടക്കം മോശമായി പെരുമാറിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തി. പിന്നാലെ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്‍റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്‍തു. പൊലീസെത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

പിന്നീട് വൈദ്യ പരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. താൻ സമര രീതിയോടാണ് പ്രതിഷേധിച്ചതെന്നും സ്‍ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ജോജു ജോര്‍ജ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ജോജുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വലിയ പ്രതികരണങ്ങളാണ് അനുകൂലിച്ചും എതിര്‍ത്തുമുണ്ടായത്. ഇതോടെയാണ് ജോജു ജോര്‍ജ് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്‍തതും.