സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്

മുപ്പത് വര്‍ഷത്തോളമായി സിനിമയിലുണ്ടെങ്കിലും ജോജു ജോര്‍ജില്‍ ഇത്ര ഗംഭീരനായ ഒരു നടനുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത് 2018 ല്‍ പുറത്തിറങ്ങിയ ജോസഫ് ആണ്. പിന്നീട് അദ്ദേഹത്തിലെ അഭിനേതാവിന്‍റെ ആഴവും പരപ്പും അളക്കുന്ന നിരവധി വേഷങ്ങള്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഇതിനകം അഭിനയിച്ചു. ഇപ്പോഴിതാ ആ പ്രകടന മികവിന് മറ്റൊരു അംഗീകാരം കൂടി ലഭിക്കുകയാണ്. ഒരു പ്രമുഖ സംവിധായകന്‍റെ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോര്‍ജ്. 

മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. ബോബി ഡിയോള്‍ നായകനാവുന്ന ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. സിനിമ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് ശ്രദ്ധേയ ചിത്രങ്ങളും ജോജുവിന്‍റേതായി പുറത്തെത്താനുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹം സംവിധായകനായി അരങ്ങേറുന്ന പണി എന്ന ചിത്രമാണ്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവും. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും പണിയുടെ റിലീസ്. സൂര്യ ചിത്രത്തിൽ ഉടന്‍ ജോയിൻ ചെയ്യും ജോജു ജോര്‍ജ്. അതേസമയം അനുരാഗ് കശ്യപിന്‍റെ അവസാന ചിത്രം കെന്നഡി ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ കൈയടി നേടിയിരുന്നു. ഈ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. 

ALSO READ : 'അതും ഒരു ചെറിയ ഫാമിലി സിനിമ'; പൃഥ്വിരാജുമായി വീണ്ടും ഒന്നിക്കാന്‍ വിപിന്‍ ദാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം