ഡിസി സൂപ്പര്‍ഹീറോ 'ബാറ്റ്മാന്റെ' പ്രതിനായകന്‍ ജോക്കറിന്റെ മുന്‍കാലജീവിതം അന്വേഷിക്കുന്ന ചിത്രം 'ജോക്കറി'ന് കേരളത്തിലെ തീയേറ്ററുകളിലും മികച്ച പ്രതികരണം. വാക്കീന്‍ ഫിനിക്‌സ് നായകനായ ടോഡ് ഫിലിപ്‌സ് ചിത്രം അതിനാല്‍ രണ്ടാംവാരത്തില്‍ കേരളത്തിലെ കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ് വിതരണക്കാര്‍.

യുഎസ് ആഭ്യന്തര റിലീസിന് മുന്‍പേ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഈ മാസം രണ്ടിന് ആയിരുന്നു കേരളത്തിലുള്‍പ്പെടെ റിലീസ്. എന്നാല്‍ കേരളത്തിലെ നാല് പ്രധാന നഗരങ്ങളില്‍ മാത്രമായിരുന്നു റിലീസ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ 12 തീയേറ്ററുകളില്‍ മാത്രമായിരുന്നു റിലീസ്. എന്നാല്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്ന് ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെ 48 പുതിയ സെന്ററുകളില്‍ക്കൂടി രണ്ടാംവാരം ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ് വിതരണക്കാര്‍. കേരളത്തിലെ റിലീസ് 12 തീയേറ്ററുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 48 സെന്ററുകളിലെ 68 തീയേറ്ററുകളില്‍ക്കൂടി ചിത്രം എത്തിയിട്ടുണ്ട്. അങ്ങനെ ജോക്കര്‍ കേരളത്തില്‍ ഇപ്പോള്‍ ആകെ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ എണ്ണം 80 ആയി. 

ഹോളിവുഡില്‍ ഈ വര്‍ഷം ചാര്‍ട്ട് ചെയ്തിരുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ജോക്കര്‍. തീയേറ്റര്‍ റിലീസിന് മുന്‍പ് വിഖ്യാതമായ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗോള്‍ഡന്‍ ലയണും ചിത്രം നേടിയിരുന്നു. യുഎസില്‍ മാത്രം 4374 തീയേറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്യപ്പെട്ടത്. യുഎസ് ഒഴികെയുള്ള 73 രാജ്യങ്ങളിലെ 22,552 തീയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. റിലീസ് വാരാന്ത്യത്തിലെ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 234 മില്യണ്‍ ഡോളര്‍ (1661 കോടി രൂപ) ആയിരുന്നു.