Asianet News MalayalamAsianet News Malayalam

'കള്ളപെര്‍മിറ്റുകള്‍ ലഭ്യമാക്കുമ്പോള്‍ ആരെ വിശ്വസിച്ചാണ് ഒരു വീട് വാങ്ങുക?' ഫ്ലാറ്റുകള്‍ പൊളിച്ചതില്‍ പ്രതികരിച്ച് ജോയ് മാത്യു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു.

Joy Mathew reacts on maradu flat demolition
Author
Kochi, First Published Jan 13, 2020, 4:33 PM IST

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. യുദ്ധത്തിലെ പരാജിതന്‍റെ തകർച്ച കാണുന്നതിന്‍റെ ആഹ്ലാദാരവങ്ങളാണ് എങ്ങുമെന്നും അവർക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നതെന്നും ജോയ് മാത്യു പ്രതികരിച്ചു. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്തു കൊടുത്ത ഉദ്യാഗസ്ഥന്മാരും രാഷ്ട്രീയ ദല്ലാൾമാരും യാതൊരു പോറലുമേൽക്കാതെ സസുഖം നമുക്കിടയിൽ വാഴുന്നു. തരിമ്പും കുറ്റബോധമില്ലാതെ  അവരും സ്ഫോടനപരമ്പരകൾ കണ്ടു ആർപ്പു വിളിക്കുകയാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

'ഒരാൾക്ക് പോലും പോറലേൽക്കാതെ അതി വിദഗ്‌ധമായി കെട്ടിടം തകർക്കുന്ന സാങ്കേതികവിദ്യ പ്രശംസിക്കപ്പെടേണ്ടത് തന്നെ.
എന്നാൽ അത് ആഘോഷമായി മാറണമെങ്കിൽ ഫ്ലാറ്റ് നിർമ്മിതിക്ക് കൂട്ടുനിന്ന ,കോഴവാങ്ങിയ ഉദ്യഗസ്ഥരെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ദല്ലാൾമാരെയും തകർക്കുന്ന കെട്ടിടത്തോടോപ്പം കെട്ടിതൂക്കിയിരുന്നെങ്കിൽ എന്ന് കുടിയിറക്കപ്പെട്ടവരെങ്കിലും ആഗ്രഹിച്ചുപോയാൽ അതിൽ തെറ്റു പറയാൻ പറ്റുമോ ?'- ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

Read More:'നിലം പൊത്തുന്നത് വെറും കമ്പിയും കല്ലുമല്ല'; ഫ്ലാറ്റുകള്‍ പൊളിച്ചപ്പോള്‍ ആഹ്ളാദിച്ചവര്‍ക്കെതിരെ ബാലചന്ദ്ര മേനോന്‍

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

മരട് പൊടിയായപ്പോൾ എന്തായിരുന്നു മലയാളിയുടെ മനസ്സിൽ ? ആ ആർപ്പുവിളികൾ പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി ,യുദ്ധത്തിലെ പരാജിതന്റെ തകർച്ചകാണുന്നതിന്റെ ആഹ്ലാദാരവങ്ങളാണ് എങ്ങും . മാധ്യമങ്ങളും അത് ആഘോഷമാക്കുക തന്നെ ചെയ്തു. അവർക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത് . എന്തുകൊണ്ടാണിങ്ങിനെ ? എന്നാൽ മരട് ഫ്‌ളാറ്റുകളിലിൽ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ്സ് എന്തായിരുന്നിരിക്കണം ? അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല എന്നാൽ ആരാണ് അവരെ വഞ്ചിച്ചത് ? സുപ്രീം കോടതി വിധി വന്നിട്ടും ഞങ്ങൾ കൂടെയുണ്ടാകും ഒന്നും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞു പാഞ്ഞു വന്ന രാഷ്ട്രീയക്കാരാരും പിന്നീട് ഇത് വഴി വന്നില്ല. അവരും ടിവിക്ക് മുന്നിലിരുന്നു സ്ഫോടനപരമ്പരകളുടെ ആഹ്ലാദക്കാഴ്ചകളിലാറാടാനാണ് സാധ്യത . അനധികൃതമായി കെട്ടിടം നിർമ്മിച്ചവർ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു ,വേണ്ടത് തന്നെ. എന്നാൽ ഇവർക്ക് അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്തുകൊടുത്ത ഉദ്യാഗസ്ഥന്മാരും രാഷ്ട്രീയ ദല്ലാൾമാരും യാതൊരു പോറലുമേൽക്കാതെ സസുഖം നമുക്കിടയിൽ വാഴുന്നു.അവരും സ്ഫോടനപരമ്പരകൾ കണ്ടു ആർപ്പു വിളിക്കുന്നു;തരിബും കുറ്റബോധമില്ലാതെ . ഒരു കുടുംബം ഒരു വീട് വാങ്ങുന്നത് ജീവിതകാലം അധ്വാനിച്ചുണ്ടാക്കിയ അവരുടെ മുഴുവൻ സമ്പാദ്യവും എടുത്തിട്ടോ കടം വാങ്ങിയിട്ടോ ഒക്കെയായിരിക്കുമല്ലോ സമൂഹത്തിൽ അന്തസ്സായി ,വൃത്തിയും വെടിപ്പുമുള്ള ഒരു വാസസ്ഥലം .അത്രയേ അവർ ആഗ്രഹിച്ചുള്ളൂ ആരാണ് അങ്ങിനെ ആഗ്രഹിക്കാത്തത് ? അതിനു സാധിക്കാത്തവരും ശ്രമിക്കാത്തവരും താല്പര്യമില്ലാത്തവരും അയൽക്കാരന്റെ തകർച്ച കാണുന്നതിൽ സായൂജ്യമടയുന്നവനുമാണ് മലയാളി എന്ന് നാം വീണ്ടും തെളിയിച്ചുകൊണ്ടിരിക്കയാണ് .അത് അടുത്തകാലത്തതൊന്നും മാറാനും പോകുന്നില്ല .എന്നാൽ മരട് ഫ്‌ളാറ്റുകൾ മലയാളിക്ക് നേരെ ഉയർത്തുന്ന ചോദ്യം ഇതാണ് ; ആരെ വിശ്വസിച്ചാണ് നിങ്ങൾ ഒരു വസ്തു/ /വീട് വാങ്ങുന്നത്? ഏതു നിയമസംവിധാനമാണ് ഒരു സാധാരണക്കാരനെ ഇക്കാര്യത്തിൽ സഹായിക്കുക ? ഏതു സർക്കാർ സ്ഥാപനമാണ് നിങ്ങൾക്ക് വിശ്വസിക്കാവുന്നത് ?കെട്ടിട മാഫിയകൾ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ദല്ലാൾമാർക്കും കോഴകൊടുത്ത് കള്ളപ്രമാണങ്ങളും കള്ളപെര്മിറ്റുകളും ലഭ്യമാക്കുന്ന ഈ നാട്ടിൽ ആരെ വിശ്വസിച്ചാണ് നിങ്ങൾ ഒരു വാസസ്ഥലം സ്വന്തമാക്കുക ? ഒരാൾക്ക് പോലും പോറലേൽക്കാതെ അതി വിദഗ്‌ധമായി കെട്ടിടം തകർക്കുന്ന സാങ്കേതികവിദ്യ പ്രശംസിക്കപ്പെടേണ്ടത് തന്നെ. എന്നാൽ അത് ആഘോഷമായി മാറണമെങ്കിൽ ഫ്ലാറ്റ് നിർമ്മിതിക്ക് കൂട്ടുനിന്ന ,കോഴവാങ്ങിയ ഉദ്യഗസ്ഥരെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ദല്ലാൾമാരെയും തകർക്കുന്ന കെട്ടിടത്തോടോപ്പം കെട്ടിതൂക്കിയിരുന്നെങ്കിൽ എന്ന് കുടിയിറക്കപ്പെട്ടവരെങ്കിലും ആഗ്രഹിച്ചുപോയാൽ അതിൽ തെറ്റു പറയാൻ പറ്റുമോ ?

Follow Us:
Download App:
  • android
  • ios