ഏപ്രില്‍ 5 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം

കരിയര്‍ ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് ആയെങ്കിലും മലയാളി സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം ജൂനിയര്‍ എന്‍ടിആറിനെക്കുറിച്ച് അറിഞ്ഞത് ജയതാ ഗാരേജ് എത്തിയതോടെ ആവും. ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആണെന്നതുകൊണ്ടായിരുന്നു ഇത്. ചിത്രം കേരളത്തിലും നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആര്‍ആര്‍ആര്‍ പ്രൊമോഷന്‍ സമയത്ത് നല്‍കിയ ഒരു വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. മലയാളി സിനിമാപ്രേമികളെ ഏറെ ആഹ്ളാദിപ്പിക്കുന്ന ഒരു കാര്യമാണ് അത്.

ജൂനിയര്‍ എന്‍ടിആറിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം ദേവര പാര്‍ട്ട് 1 ന്‍റെ ഗ്ലിംപ്സ് വീഡിയോ ഇന്നലെ പുറത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അഞ്ച് ഭാഷകളിലും- തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ഈ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഗ്ലിംപ്സ് വീഡിയോയില്‍ എല്ലാ ഭാഷകളിലും സ്വന്തം ഡയലോഗ് പറഞ്ഞിരിക്കുന്നത് ജൂനിയര്‍ എന്‍ടിആര്‍ തന്നെയാണ്. ഒരു തെലുങ്ക് താരം ആദ്യമായാണ് മലയാളം ഡയലോഗ് സ്വന്തമായി ഡബ്ബ് ചെയ്യുന്നത്. മലയാളി സിനിമാപ്രേമികളില്‍ ചിലര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും സിനിമാഗ്രൂപ്പുകളില്‍ അത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഏതെങ്കിലും എഐ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതായിരിക്കുമെന്നുള്ള സംശയം ചിലര്‍ ഉന്നയിച്ചിരുന്നു. 

എന്നാല്‍ ആ സംശയത്തിന് അടിസ്ഥാനമില്ലെന്നും ഗ്ലിംപ്സ് വീഡിയോയ്ക്ക് മലയാളത്തിലും ശബ്ദം നല്‍കിയിരിക്കുന്നത് ജൂനിയര്‍ എന്‍ടിആര്‍ തന്നെയാണെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ആര്‍ആര്‍ആര്‍ പ്രൊമോഷന്‍റെ സമയത്ത് മലയാളം ഒഴികെയുള്ള ഭാഷകളില്‍ താന്‍ തന്നെ ഡബ്ബ് ചെയ്തതിനെക്കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞിരുന്നു. മലയാളം അടുത്ത തവണ നോക്കാമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രിയതാരം വാക്ക് പാലിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് മലയാളികളായ അദ്ദേഹത്തിന്‍റെ ആരാധകര്‍. 

ജനത ഗാരേജ് സംവിധായകന്‍ കൊരട്ടല ശിവ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യ ഭാഗം ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തും.

ALSO READ : മലയാളത്തിലല്ല, ദുല്‍ഖറിന്‍റെ അടുത്ത രണ്ട് ചിത്രങ്ങളും തെലുങ്കില്‍? വരാനിരിക്കുന്നത് ബിഗ് ബജറ്റ് സിനിമ

Devara Part-1 | Glimpse - Malayalam - NTR | Koratala Siva | Anirudh | 5 April 2024