ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

ടോളിവുഡ് സൂപ്പർതാരം ജൂനിയർ എൻ ടി ആറിന് പരസ്യചിത്രത്തിന്‍റെ ഷൂട്ടിനിടെ പരിക്ക്. അദ്ദേഹത്തിന്‍റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടാഴ്ചത്തേക്ക് വിശ്രമത്തിൽ കഴിയാൻ ഡോക്ടർ നിർദേശിച്ചതായും താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരാധകരും മാധ്യമങ്ങളും ഊഹാപോഹങ്ങൾ പരത്തരുതെന്ന് ജൂനിയർ എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

'ഇന്ന് നടന്ന ഒരു പരസ്യചിത്ര ചിത്രീകരണത്തിനിടയിൽ എൻ ടി ആറിന് ചെറിയ രീതിയിൽ പരിക്ക് സംഭവിച്ചു. രണ്ടാഴ്ചത്തേക്ക് വിശ്രമം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. യാതൊരുവിധത്തിലും ആശങ്കപെടേണ്ട ഒരു സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളൂം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തിന്റെ ഓഫീസ്‌ ടീം ഔദ്യോഗിക വാർത്ത കുറിപ്പ് സോഷ്യൽ മീഡിയിൽ പങ്കുവച്ചു. ഇതിന് താഴെ അദ്ദേഹത്തിന് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പൂർവ്വരോഗ്യവാനായി ഉടനെ തിരിച്ചു വരട്ടെയെന്നുമൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഒരുങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് ജൂനിയർ എൻ ടി ആറിന് ഇങ്ങനെയൊരു ചെറിയ അപകടം സംഭവിക്കുന്നത്. ഡോക്ടറിന്‍റെ നിർദ്ദേശപ്രകാരമുള്ള വിശ്രമത്തിന് ശേഷം നേരെ ഡ്രാഗണിന്റെ ലൊക്കേഷനിലേക്കാവും ജൂനിയർ എൻ ടി ആർ എത്തുക എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഡ്രാഗൺ അടുത്ത വർഷം ജൂണിൽ പുറത്തിറങ്ങും. അദ്ദേഹത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. അതോടൊപ്പം നെൽസൺ ദിലീപ് കുമാറിന്റെ പേരിടാത്ത ഒരു ചിത്രത്തിലും ജൂനിയർ എൻ ടി ആർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാർ 2 ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുമൊടുവിലായി റിലീസിനെത്തിയ ചിത്രം. അയന്‍ മുഖർജി സംവിധാനം വാർ 2 ജൂനിയർ എൻ ടി ആറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. ജൂനിയർ എൻടിആറിന് പുറമെ ഹൃത്വിക് റോഷൻ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷത്തിലെത്തിയ വാർ 2 ഒടി ടി റിലീസിന് ഒരുങ്ങുകയാണ്.