റിപബ്ലിക് ദിന റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്

പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) ഏറ്റവും പുതിയ സംവിധാന സംരംഭം 'ബ്രോ ഡാഡി'ക്ക് (Bro Daddy) അഭിനന്ദനവുമായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് (Jude Anthany Joseph). ചിത്രം തന്നെ ഏറെ രസിപ്പിച്ചുവെന്ന് പറയുന്ന ജൂഡ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെ പ്രകടനങ്ങളെയും പ്രശംസിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ അഭിനന്ദന പോസ്റ്റിന് വിമര്‍ശനവുമായെത്തിയ ചില സിനിമാപ്രേമികള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ജൂഡ്.

"ബ്രോ ഡാഡി, മികച്ച ഒരു എന്‍റര്‍ടെയ്‍നര്‍ ആണ്. ചിത്രം ശരിക്കും ആസ്വദിച്ചു. ലാലേട്ടന്‍, രാജു, മാന ചേച്ചി, കനിഹ, ജഗദീഷേട്ടന്‍, കല്യാണി, മല്ലികാമ്മ, സൗബിന്‍, എല്ലാത്തിലുമുപരി ലാലു ചേട്ടന്‍ എല്ലാവരുടെയും മികച്ച പ്രകടനങ്ങളുമായിരുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രിയ രാജു", ജൂഡ് ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് നന്ദി അറിയിച്ച് കമന്‍ഫ് ബോക്സില്‍ പൃഥ്വിരാജും എത്തിയിട്ടുണ്ട്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്‍റെ പ്രകടനത്തെക്കുറിച്ച് ജൂഡ് പറഞ്ഞത് ആത്മാര്‍ഥതയില്ലാതെയാണെന്ന ഒരാളുടെ കമന്‍റിന് 'ഓ, സാര്‍ പറയുന്നപോലെ' എന്നാണ് ജൂഡിന്‍റെ മറുപടി.

ഒടിടി റിലീസ് മുന്നില്‍ക്കണ്ട് കൊവിഡ് കാലത്ത് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ബ്രോ ഡാഡി. ലൂസിഫറിനു ശേഷം പൃഥ്വിരാജിന്‍റെ നായകനായി മോഹന്‍ലാല്‍ എത്തുന്നുവെന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിപബ്ലിക് ദിന റിലീസ് ആയാണ് ചിത്രം എത്തിയത്. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ആയതുകൊണ്ടുതന്നെ റിലീസിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ അഭിപ്രായ പ്രകടനങ്ങളുടെ പ്രവാഹമാണ്.