Asianet News Malayalam

'അന്നത്തെ ആ ആത്മാര്‍ഥസ്വരം തന്നെ ഇന്നും കേട്ടു'; ഇരുപതാം നൂറ്റാണ്ടിന്‍റെ 33-ാം വാര്‍ഷികത്തില്‍ കെ മധു പറയുന്നു

'പി.ജി. വിശ്വംഭരൻ സാറിന്‍റെ സെറ്റിലാണ് രണ്ടാമത് ലാലിനെ കണ്ടത്. അവിടെ നിന്നും ഇറങ്ങാൻ നേരം ലാൽ ചോദിച്ചു "ചേട്ടൻ എങ്ങോട്ടാ?" കൈതമുക്കു വരെ പോകണം- ഞാൻ മറുപടി പറഞ്ഞു. എന്‍റെ കാറിൽ പോകാം എന്ന് ലാൽ. നോക്കിയപ്പോൾ പുതുപുത്തൻ കാർ..'

k madhu about mohanlals call in the 33rd anniversary of irupatham noottandu
Author
Thiruvananthapuram, First Published May 14, 2020, 7:50 PM IST
  • Facebook
  • Twitter
  • Whatsapp

മോഹന്‍ലാലിനെ സൂപ്പര്‍താര നിരയിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ചിത്രമാണ് 1987ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്. തീയേറ്ററുകളില്‍ ആരവങ്ങള്‍ ഉയര്‍ത്തിയ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രവും സിനിമയും എസ് എന്‍ സ്വാമിയുടെ തിരക്കഥയിലും കെ മധുവിന്‍റെ സംവിധാനത്തിലുമാണ് മലയാളികള്‍ കണ്ടത്. 1987 മെയ് 14നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസിന് 33 വര്‍ഷം തികയുന്ന ദിവസം തന്നെ തേടിയെത്തിയ മോഹന്‍ലാലിന്‍റെ ഫോണ്‍കോളിനെക്കുറിച്ച് പറയുകയാണ് കെ മധു. അങ്ങോട്ട് വിളിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് ലാല്‍ ഇങ്ങോട്ടു വിളിച്ചതെന്നു പറയുന്നു അദ്ദേഹം. മുന്‍പ് എങ്ങനെ ആയിരുന്നോ അതേപോലെതന്നെയാണ് ഇപ്പോഴും മോഹന്‍ലാലിന്‍റെ പെരുമാറ്റമെന്നും കെ മധു പറയുന്നു.

കെ മധുവിന്‍റെ വാക്കുകള്‍

വർഷങ്ങൾ പോകുന്നത് അറിയാറേയില്ല. കാലത്തിന് ശരവേഗം തന്നെയായിരുന്നു. പക്ഷെ ഈ കൊറോണക്കാലം സമയത്തിന് വേഗം കുറച്ചതായി അനുഭവപ്പെട്ടിട്ടുണ്ട്. ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്നേഹദൂത് എത്തിയത്. ഫോണിന്‍റെ മറുതലയ്ക്കൽ മോഹൻലാൽ, നിങ്ങളുടെ ലാലേട്ടൻ. ലാലിന് പങ്കിടാനുണ്ടായിരുന്നത് 'ഇരുപതാം നൂറ്റാണ്ട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് 33 വർഷം തികയുന്ന സന്തോഷം. ഞാൻ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോൾ ലാലിന്‍റെ മറുപടി എന്നെ കൂടുതൽ സന്തോഷവാനാക്കി-" ചേട്ടാ ഇത് നമ്മുടെ പടമല്ലേ, ആര് വിളിച്ചാലും സന്തോഷമല്ലേ"

അതെ, ലാലിന് ഒരു ചെയ്ഞ്ചുമില്ല. പണ്ടെത്തെ ലാൽ തന്നെ ഇന്നും.

ഉമാ സ്റ്റുഡിയോവിൽ വച്ചാണ് പണ്ടത്തെ ലാലിനെ ആദ്യമായി കണ്ടത്. മുടി നീട്ടി വളർത്തിയ വിനയാന്വിതനായ ചെറുപ്പക്കാരൻ. എന്‍റെ ഗുരുനാഥൻ എം കൃഷ്ണൻ നായർ സാറിനൊപ്പം എഡിറ്റർക്ക് മുന്നിലിരിക്കുമ്പോൾ സംഘട്ടന സംവിധായകർ ത്യാഗരാജൻ മാസ്റ്റർ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. കൃഷ്ണൻ നായർ സാർ അകത്തേക്ക് വിളിച്ചപ്പോൾ ഒപ്പം ലാലും ഉണ്ടായിരുന്നു. ത്യാഗരാജൻ മാസ്റ്റർ ലാലിനെ കൃഷ്ണൻ നായർ സാറിന് പരിചയപ്പെടുത്തി. സാർ അനുഗ്രഹിച്ചു. അവർ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ കൃഷ്ണൻ നായർ സർ എന്നോട് പറഞ്ഞു " മധു, ആ പയ്യൻ ഗുരുത്വമുള്ള പയ്യനാണല്ലോ, വിനയത്തോടെയുളള പെരുമാറ്റം. അയാൾ നന്നാകും കേട്ടോ". അത് അക്ഷരംപ്രതി ഫലിച്ചു.

പി.ജി. വിശ്വംഭരൻ സാറിന്‍റെ സെറ്റിലാണ് രണ്ടാമത് ലാലിനെ കണ്ടത്. അവിടെ നിന്നും ഇറങ്ങാൻ നേരം ലാൽ ചോദിച്ചു "ചേട്ടൻ എങ്ങോട്ടാ?" കൈതമുക്കു വരെ പോകണം- ഞാൻ മറുപടി പറഞ്ഞു. എന്‍റെ കാറിൽ പോകാം എന്ന് ലാൽ. നോക്കിയപ്പോൾ പുതുപുത്തൻ കാർ. മുൻ സീറ്റിലിരുന്ന് സംസാരിച്ച് ഞങ്ങൾ യാത്രയായി. ഇടയ്ക്ക് ലാൽ പറഞ്ഞു, "ഞാൻ ആദ്യമായി വാങ്ങിയ കാറാണ് എങ്ങനുണ്ട്?" ഞാൻ ഡാഷ് ബോർഡിൽ തട്ടി കൊള്ളാമെന്ന് പറഞ്ഞു. ഇറങ്ങാൻ നേരം ലാൽ സ്വതസിദ്ധമായ ചിരിയോടെ "ചേട്ടാ ഞാൻ ഒരു നല്ല വേഷം ചെയ്യാൻ പോവുകയാണ്, ചേട്ടൻ പ്രാർത്ഥിക്കണം". എനിക്ക് തുറന്നുള്ള ആ പെരുമാറ്റത്തിൽ സംതൃപ്തി തോന്നി. ആട്ടക്കലാശമായിരുന്നു ആ പുത്തൻ പടം.

അന്നത്തെ ആ ആത്മാർഥ സ്വരം തന്നെയാണ് ഇന്ന് രാവിലെ 11:10 നും ഞാൻ കേട്ടത്. ഇരുപതാം നൂറ്റാണ്ടിന്‍റെ മുപ്പത്തിമൂന്നാം വർഷം തികയുന്ന ഇന്ന് ആ ചിത്രത്തിന്‍റെ വിജയത്തിന് ഒരേപോലെ അധ്വാനിച്ച ഒത്തിരി പേരുണ്ടെങ്കിലും പ്രധാനികൾ S.N സ്വാമി , മോഹൻലാൽ , സംഗീതം പകർന്ന ശ്യാം, ത്യാഗരാജൻ മാസ്റ്റർ, ക്യാമറാമാൻ വിപിൻദാസ് , എഡിറ്റർ വി പി കൃഷ്ണൻ , പ്രതിനായക തിളക്കവുമായി സുരേഷ് ഗോപി എന്നിവരാണ്. ഒരിക്കൽ കൂടി അത് ആവർത്തിക്കുന്നു, അവരോടുള്ള നന്ദി. ലാൽ ഇരുപതാം നൂറ്റാണ്ടിന്‍റെ ഷൂട്ടിങ്ങിന് എത്തിയത് തിക്കുറിശ്ശി സുകുമാരൻ നായർ സാറിനൊപ്പമായിരുന്നു. ആലപ്പുഴയിലെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരേ കാറിലുള്ള ഇരുവരുടെയും യാത്ര. അകത്തു നിന്നിരുന്ന എന്നെ വിളിപ്പിച്ച് ലാലിന്‍റെയും എന്‍റെയും തലയിൽ കൈവച്ച് "നിങ്ങൾ ഇരുവരും ഒരുമിക്കുന്ന ചിത്രം നൂറു ദിവസം ഓടുമെന്ന് " അനുഗ്രഹിച്ചത് ഒളിമങ്ങാതെ ഓർമ്മയിൽ ഇന്നുമുണ്ട്. ഗുരുത്വം , സ്നേഹം, സഹകരണം അത് മഹത്തരങ്ങളായ മൂല്യങ്ങളാണ്. ഈ കൊറോണക്കാലം അത് ആവർത്തിച്ച് ഉറപ്പിക്കുക കൂടിയാണ്. വെറും സോപ്പുകുമിളയിൽ ചത്തൊടുങ്ങുന്ന വൈറസിനെ ഭയന്ന് മനുഷ്യൻ വീട്ടിലിരിക്കുമ്പോൾ അഹമല്ല വേണ്ടത്, സ്നേഹവും കരുതലുമാണ്. മനുഷ്യൻ മനുഷനെ അറിഞ്ഞ് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. "മാതാപിതാ ഗുരു ദൈവം" അതുതന്നെയാട്ടെ ജീവമന്ത്രം.

Follow Us:
Download App:
  • android
  • ios