Asianet News MalayalamAsianet News Malayalam

സ്വന്തം ശബ്‍ദത്തെ കുറിച്ച് കെ എസ് ചിത്രയ്‍ക്ക് പറയാനുള്ളത്

ഭാഗ്യവശാല്‍ എന്റെ ശബ്‍ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു.

K S Chithra speaks about her voice
Author
Kochi, First Published Aug 23, 2019, 4:52 PM IST

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയുടെ ശബ്‍ദം സിനിമാ ഗാനങ്ങളില്‍ കേട്ടുതുടങ്ങിയിട്ട് നാല്‍പ്പത് വര്‍ഷമാകുന്നു. 1979ല്‍ എം ജി രാധാകൃഷ്‍ണന്റെ ഈണത്തില്‍ ആണ് കെ എസ് ചിത്ര പാടിത്തുടങ്ങുന്നത്. പിന്നീട് ഒട്ടേറെ ഗാനങ്ങള്‍. സിനിമയിലും ആല്‍ബങ്ങളിലും കച്ചേരികളിലും കേട്ട കെ എസ് ചിത്രയുടെ ഗാനങ്ങള്‍ എന്നും മധുരതരമാണ് മലയാളികള്‍ക്ക്. തന്റെ ശബ്‍ദത്തെയും പാട്ടുജീവിതത്തെയും കുറിച്ച് പറയുകയാണ് കെ എസ് ചിത്ര ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍.

ഞാൻ ഗായികയായി തുടങ്ങിയപ്പോള്‍ എന്റെ ശബ്‍ദം കുട്ടികളെപ്പോലെയായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. ആളൊരുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ പാട്ടുകളില്‍. അവ കുട്ടികള്‍ക്കായിരുന്നു ചേരുക, നായികയ്‍ക്കല്ല. പിന്നീട് ശബ്‍ദം മാറിവന്നതാണ്. ഭാഗ്യവശാല്‍ എന്റെ ശബ്‍ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു. ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല. പിന്നീട് പ്രായം വന്നപ്പോള്‍ എന്റെ ശബ്‍ദവും മാറി കൂടുതല്‍ പക്വതയുള്ളതായി. ഞാൻ ഒരു ടെക്‍നിക്കും ഉപയോഗിച്ചില്ല. നിങ്ങള്‍ കേള്‍ക്കുന്നത് സ്വാഭാവിക ശബ്‍ദമാണ്. സംഗീത സംവിധായകര്‍ എന്റെ ശബ്‍ദത്തെ മെച്ചപ്പെടുത്തുകയും ശരിയായ രീതിയിലുള്ള പാട്ടുകളും തന്നു- കെ എസ് ചിത്ര പറയുന്നു. എന്നും ഒരേ അഭിനിവേശത്തോടെ സംഗീതം തുടരുന്ന രഹസ്യവും ചിത്ര പറയുന്നു. എനിക്ക് താല്‍പര്യമുള്ള ഒരേയൊരു കാര്യം സംഗീതമാണ്. എന്റെ ജീവിതം അതിനെ ചുറ്റിപ്പറ്റിയുമാണ്. എന്റെ മകള്‍ നന്ദന വന്നപ്പോള്‍ എന്റെ ഫോക്കസ് മാറിയിരുന്നു. അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചു. ചെന്നെയില്‍ മാത്രമായി റെക്കോര്‍ഡിംഗ് നിജപ്പെടുത്തി. കുറച്ചുകാലം അവളായിരുന്നു എന്റെ പ്രചോദനം. മുതിര്‍ന്ന സംഗീതജ്ഞരാണ് എനിക്ക് പ്രോത്സാഹനം തന്നത്, ഓരോരുത്തരും- കെ എസ് ചിത്ര പറയുന്നു.

Follow Us:
Download App:
  • android
  • ios