എന്നും സ്‍നേഹത്തോടെ , നന്ദിയോടെ ഓർക്കുന്ന രണ്ടു മുഖങ്ങൾ ആണ്  രാധാകൃഷ്‍ണൻ ചേട്ടന്റെയും പദ്‍മജ ചേച്ചിയുടെയും എന്നും കെ എസ് ചിത്ര.

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതഞ്‍ജൻ എം ജി രാധാകൃഷ്‍ണന്റെ ഓര്‍മദിവസമാണ് ഇന്ന്. ലളിതഗാനത്തിലും ചലച്ചിത്ര ഗാനരംഗത്തും ഒരുപോലെ ശോഭിച്ച സംഗീതഞ്‍ജനാണ് എം ജി രാധാകൃഷ്‍ണൻ. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എം ജി രാധാകൃഷ്‍ണൻ ഒരിക്കലും മറക്കാനാകാത്ത വ്യക്തിയാണെന്ന് ഗായിക കെ എസ് ചിത്ര പറയുന്നു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും കൃത്യമായി എത്തുന്ന ചില ദിവസങ്ങൾ ഉണ്ട്‌. ഇന്നു എന്റെ ഗുരു രാധാകൃഷ്‍ണൻ ചേട്ടന്റെ ഓർമ്മ ദിവസം. എന്നും സ്‍നേഹത്തോടെ , നന്ദിയോടെ ഓർക്കുന്ന രണ്ടു മുഖങ്ങൾ ആണ് രാധാകൃഷ്‍ണൻ ചേട്ടന്റെയും പദ്‍മജ ചേച്ചിയുടെയും. ആ ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമമെന്നും കെ എസ് ചിത്ര പറയുന്നു.

ജി അരവിന്ദൻ സംവിധാനം ചെയ്‍ത തമ്പിനാണ് എം ജി രാധാകൃഷ്‍ണൻ ആദ്യമായി ഒരു സിനിമയ്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

ഓടക്കുഴലേ, ഓടക്കുഴൽ വിളി, ഖേദകീസുമങ്ങൾ, ബ്രഹ്മകമലദളയുഗങ്ങളിൽ, ഘനശ്യാമസന്ധ്യാഹൃദയം, ജയദേവകവിയുടെ തുടങ്ങി നിരവധി ഹിറ്റ് ലളിതഗാനങ്ങള്‍ ആകാശവാണിക്ക് വേണ്ടി സംഗീതം നല്‍കിയിട്ടുമുണ്ട് എം ജി രാധാകൃഷ്‍ണൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.