ഇന്ത്യയിലെ പ്രശസ്‍ത പിന്നണി ഗായികയായിരുന്ന സ്വര്‍ണലത വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം. സ്വര്‍ണലതയെ അനുസ്‍മരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്ര.

കാണുന്നില്ല, കേള്‍ക്കുന്നില്ല. പക്ഷേ എപ്പോഴും അടുത്തു തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തിലെ നിങ്ങളുടെ പത്താം വര്‍ഷത്തില്‍ ഓര്‍ക്കുന്നുവെന്നുമാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. വിവിധ ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് സ്വര്‍ണലത.  പാലക്കാട്ടുകാരിയാണ്. കറുത്തമ്മ എന്ന തമിഴ് ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിന് മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാട സംഗീതത്തിലും സ്വര്‍ണലത പേര് സ്വന്തമാക്കിയിരുന്നു. 2010 സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചക്ക് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു സ്വര്‍ണലതയുടെ മരണം. അവിവാഹിതയായിരുന്നു.