ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കാന്ത' എന്ന ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. റെട്രോ വൈബില്‍ എത്തുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 14 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഭാ​ഗ്യശ്രീ ബോര്‍സെ, റാണ ദ​ഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. റിലീസിന് മുന്നോടിയായി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തിയ പ്രിവ്യൂ ഷോയില്‍ നിന്നുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫിന് ശേഷമുള്ള പ്രതികരണങ്ങളാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളില്‍ എത്തിയിരിക്കുന്നത്. 1950കളിലെ ഒരു സൂപ്പര്‍സ്റ്റാറിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രം ​ഗംഭീര ഡ്രാമയാണ് സമ്മാനിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല കുറിച്ചിരിക്കുന്നു. യഥാര്‍ഥ ജീവിതത്തിലെ നടിപ്പ് ചക്രവര്‍ത്തിയാണ് ദുല്‍ഖറെന്ന് പ്രശംസിക്കുന്ന അദ്ദേഹം ഭാ​ഗ്യശ്രീ ബോര്‍സെയെയും സമുദ്രക്കനിയെയും അഭിനന്ദിച്ചിട്ടുമുണ്ട്. നന്നായി എടുത്തിരിക്കുന്ന ഒരു പിരീഡ് ഡ്രാമ എന്നാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Scroll to load tweet…

മൂര്‍ച്ചയുള്ള, ടെന്‍ഷന്‍ സൃഷ്ടിക്കുന്ന, കണ്ടിരിക്കാന്‍ അങ്ങേയറ്റം പ്രേരിപ്പിക്കുന്ന ആദ്യ പകുതിയാണ് ചിത്രത്തിന്‍റേതെന്ന് ലെറ്റ്സ് ഒടിടി ​ഗ്ലോബല്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. കഥാപരിസരം പതിയെ സെറ്റ് ചെയ്യുന്ന ചിത്രം നിങ്ങളെ അവിടെ പിടിച്ചിരുത്തും. ഭാ​ഗ്യശ്രീ ബോര്‍സെയാണ് ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ്. ദുല്‍ഖറിന്‍റെയും സമുദ്രക്കനിയുടെയും ഈ​ഗോ ക്ലാഷ് ആണ് ചിത്രത്തിന്‍റെ കേന്ദ്ര സ്ഥാനത്ത്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിന്‍റേ റേഞ്ച് വെളിവാക്കുന്ന രം​ഗങ്ങള്‍ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ്‍യുടെ പശ്ചാത്തല സം​ഗീതത്തെയും പ്രസ്തുത പോസ്റ്റില്‍ പ്രശംസിച്ചിട്ടുണ്ട്.

Scroll to load tweet…

ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയും ഭാ​ഗ്യശ്രീ ബോര്‍സെയെ പ്രശംസിച്ചിട്ടുണ്ട്. ദുല്‍ഖര്‍- സമുദ്രക്കനി രം​ഗങ്ങള്‍ക്കും ഇവര്‍ കൈയടി നല്‍കുന്നു. ​ഗംഭീര ഇന്‍റര്‍വെല്‍ ബ്ലോക്ക് ആണെന്ന് പറഞ്ഞിരിക്കുന്ന പോസ്റ്റില്‍ രണ്ടാം ഭാ​ഗത്തിനായി വലിയ കാത്തിരിപ്പാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നതെന്നും പറയുന്നു. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്