പാലാ ഇടമറ്റം സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയുടെ കഥയുമായി താന്‍ സംവിധാനം ചെയ്യുന്ന 'കടുവ' എന്ന സിനിമയ്ക്ക് ബന്ധമേതുമില്ലെന്ന് ഷാജി കൈലാസ്. അനുമതിയില്ലാതെ തന്‍റെ ജീവിതകഥ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഷാജി കൈലാസിന്‍റെ പ്രതികരണം. നായകനാവുന്ന പൃഥ്വിരാജും താനും മാത്രമേ കടുവയുടെ തിരക്കഥ വായിച്ചിട്ടുള്ളുവെന്നും അതിന്‍റെ ഉള്ളടക്കം അറിയാത്തവരാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഷാജി കൈലാസ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

"എനിക്ക് കുരുവിനാക്കുന്നേല്‍ ജോസിനെ അറിയാം. അദ്ദേഹത്തിന്‍റെ ജീവിതം പശ്ചാത്തലമാക്കി ഒരു സിനിമ ഒരുക്കുന്ന കാര്യം രണ്‍ജി പണിക്കരും ഞാനും കൂടി ആലോചിച്ചിരുന്നു. പക്ഷേ ജിനു എബ്രഹാമിന്‍റെ തിരക്കഥ പൂര്‍ണ്ണമായും വ്യത്യസ്തമായ ഒന്നാണ്. യുവാവായ ഒരു പ്ലാന്‍ററുടെ കഥയാണ് കടുവ. ജോസിന്‍റെ ജീവിതവുമായി അതിന് ബന്ധമേതുമില്ല. മറ്റൊരു സംവിധായകനുവേണ്ടിയാണ് ജിനു എബ്രഹാം ഈ തിരക്കഥ എഴുതിയത്. പക്ഷേ ആ പ്രോജക്ട് നടക്കാതെപോയതിനാല്‍ ജിനു എന്നെ സമീപിക്കുകയായിരുന്നു", ഷാജി കൈലാസ് പറയുന്നു.

 

കുരുവിനാക്കുന്നേല്‍ കുറുവച്ചനെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് 1999ല്‍ പുറത്തെത്തിയ എഫ്ഐആറിന്‍റെ ചിത്രീകരണത്തിനിടെയാണെന്നും പറയുന്നു ഷാജി കൈലാസ്. "ലൊക്കേഷനുവേണ്ടിയുള്ള അന്വേഷണത്തിനിടെ ഒരു സുഹൃത്താണ് എന്നെ ജോസിന്‍റെ വീട്ടില്‍ എത്തിച്ചത്. എനിക്ക് ആ വീടും അദ്ദേഹത്തെയും ഇഷ്ടമായി. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. മറ്റു ചില ലൊക്കേഷനുകളിലേക്ക് അദ്ദേഹവും മകനും കൂടിയാണ് ഞങ്ങളെ അന്നു കൊണ്ടുപോയത്.  ഇങ്ങനെയൊരാളെ പരിചയപ്പെട്ട കാര്യം രണ്‍ജിയോട് പറഞ്ഞപ്പോള്‍ കുറുവച്ചനെ അദ്ദേഹത്തിന് നേരത്തെ അറിയാമെന്ന് പറഞ്ഞു. ഈ കഥാപാത്രത്തെ വച്ചൊരു സിനിമ ചെയ്‍താല്‍ നന്നാവുമെന്നുതോന്നി രണ്‍ജിയും മോഹന്‍ലാലുമൊത്ത് ഒരു പ്രോജക്ട് അനൗണ്‍സ് ചെയ്യുന്നത് പിന്നാലെയാണ്. പക്ഷേ അതുമായി ബന്ധമില്ലാത്ത സിനിമയാണ് കടുവ." ഇതു സംബന്ധിച്ച് നിയമപരമായ എന്തു നടപടി സ്വീകരിക്കാനും ജോസിന് സ്വാതന്ത്ര്യമുണ്ടെന്നും ഷാജി കൈലാസ് പറയുന്നു.

പൃഥ്വിരാജിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ (ഒക്ടോബര്‍ 16) അനൗണ്‍സ് ചെയ്‍ത സിനിമയാണ് കടുവ. ജിനു എബ്രഹാമിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ്. അതേസമയം സുരേഷ് ഗോപിയുടെ 250-ാം ചിത്രം, 'കടുവ' എന്ന തങ്ങളുടെ ചിത്രത്തിന്‍റെ പകര്‍പ്പവകാശം ലഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചത് ഈയിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണവും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചാരണവും തടഞ്ഞ് ഉത്തരവിട്ടിരുന്നു.