ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയ ചിത്രം

ഒരിടവേളയ്ക്കു ശേഷമാണ് മാസ് മസാല ഫ്ലേവറിലുള്ള ഒരു മലയാള ചിത്രം തിയറ്ററുകളിലെത്തി ആളെ കയറ്റുന്നത്. ഒരുകാലത്ത് അത്തരം സിനിമകളുടെ മാസ്റ്റര്‍ ആയിരുന്ന ഷാജി കൈലാസ് (Shaji Kailas) പൃഥ്വിരാജിനൊപ്പം (Prithviraj Sukumaran) ചേര്‍ന്നപ്പോള്‍ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നു എന്നതാണ് കടുവ നേടിയ വിജയം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പൃഥ്വിരാജിന്‍റെ കുര്യച്ചന്‍ ജയിലില്‍ എത്തുമ്പോഴുള്ള ഫൈറ്റ് സീന്‍ ആണിത്. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തില്‍ എപ്പോഴും മികവ് പുലര്‍ത്തിയിട്ടുള്ള ഷാജി കൈലാസ് കടുവയിലും അത് ആവര്‍ത്തിച്ചിട്ടുണ്ട്.

റിലീസിന്‍റെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയ ചിത്രമാണിത്. പൃഥ്വിരാജിന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ഇനിഷ്യലുമാണ് ഇത്. പൃഥ്വിരാജിന്‍റെ സമീപകാല ഹിറ്റ് ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ തന്നെ നേടിയത്. മറുഭാഷാ ഡബ്ബിംഗ് പതിപ്പുകള്‍ മികച്ച പ്രചരണം നല്‍കി പ്രാധാന്യത്തോടെ റിലീസ് ചെയ്‍തതും ചിത്രത്തിന് തുണയായി. പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രൊമോഷന്‍ നല്‍കിക്കൊണ്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകളില്‍ ഒന്നാണ് കടുവ.

ALSO READ : 'മാരാർ ഉണ്ടായിട്ടും 6 വര്‍ഷം ഇന്ദുചൂഡന്‍ ജയിലില്‍ കിടന്നതെന്ത്'? മറുപടിയുമായി ഷാജി കൈലാസ്

ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. പിന്നീട് എലോണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്. 

Kaduva Movie Jail Fight Scene | Prithviraj Sukumaran | Shaji Kailas | Supriya Menon | Listin Stephen