പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവ’യുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും സൂചനയുണ്ട്. മാസ് എന്റര്‍ട്ടെയ്‌നറായ കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. 

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

'കടുവ' സിനിമയുടെ  തിരക്കഥയും കഥാപാത്രവും പകർപ്പവകാശം ലംഘിച്ച് എടുത്തെന്നായിരുന്നു കേസ്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളുടെ പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

നിലവില്‍ പൃഥ്വിരാജ് ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിലാണ് ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണത്തിനിടയിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെ ചിത്രത്തിലെ തന്റെ ലുക്ക് പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.