എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്കൊപ്പം സഞ്ചരിക്കുന്ന പോലീസുകാരുടെ കഥയാണ് സിനിമ.

പ്രദര്‍ശനത്തിന് ഒരുങ്ങുന്ന മലയാള സിനിമ കാക്കിപ്പടയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുൻ എസ്‍.പി ജോര്‍ജ് ജോസഫ്.

ഒരു എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ. കാക്കിപ്പട കാലിക പ്രാധാന്യമുള്ള കഥയാണ് - ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജോര്‍ജ് ജോസഫ് പറഞ്ഞു.

"സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് പോലീസ്. അവര്‍ക്കും ഇങ്ങനെയുള്ള കാര്യത്തിൽ അമര്‍ഷവും വികാരവും വിദ്വേഷവും ഒക്കെ ഉണ്ടാകും പ്രതിയോട്. …പൊതുജനങ്ങളുടെ പ്രതികരണം എങ്ങനെയാണോ അതുപോലെ തന്നെ അവര്‍ക്കും അങ്ങനെ തന്നെയുണ്ടാകും, സ്വാഭാവികമാണ്."

ബലാത്സംഗക്കേസിലെ തെളിവെടുപ്പിനായി പ്രതിക്കൊപ്പം സഞ്ചരിക്കുന്ന എട്ട് ആംഡ് റിസര്‍വ്‍ഡ്‍ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ഷെബി ചൗഘട്ടാണ് കാക്കിപ്പടയുടെ കഥയും സംവിധാനവും. ഷെജി വലിയകത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.