Asianet News MalayalamAsianet News Malayalam

'കാഴ്ചക്കാരെ കൂട്ടാൻ കുപ്രചരണങ്ങൾ; ദയവു ചെയ്ത് ജീവിക്കാൻ അനുവദിക്കൂ', ബ്ലോ​ഗർമാർക്കെതിരെ ആർ എൽ വി രാമകൃഷ്ണൻ

പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നുവർ വരിക. പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കാലിൽ വീണ് ഞങ്ങൾ അപേക്ഷിക്കുകയാണ്. നിങ്ങൾ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കൂ. 

kalabhavan mani brother facebook post about video blogger
Author
Chalakudy, First Published Jan 15, 2021, 10:21 AM IST

ലാഭവൻ മണിയെ കുറിച്ച് ചെയ്യുന്ന ബ്ലോഗർമാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാമകൃഷ്ണൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. മണിച്ചേട്ടന്റെ വീട് കാണാൻ വന്ന് ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. 

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ

ഈ അടുത്ത കാലത്ത്, കൊവിഡിനിടക്ക് തന്നെ. വളരെയധികം ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് വ്ലോഗര്‍മാരുടേത്. ഇവരുടെ ഒരു നീണ്ട നിര തന്നെയാണ് ചാലകുടിയിലേക്ക് എത്തുന്നത്. അതില്‍ വളരെ സന്തോഷം ഉണ്ട്. മറ്റൊന്നുമല്ല മണിചേട്ടന്‍റെ വീടും നാടും ഒക്കെ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെയധികം സന്തോഷം തന്നെയാണ്. പക്ഷേ. ഇത്തരം വ്ലേഗുകള്‍ അവതരിപ്പിക്കുന്നവര്‍ യാതൊരു വിധത്തിലുള്ള സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞ് കൊണ്ടല്ല ഇത് ചെയ്യുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് പറയുന്നുണ്ട്. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റർ ചെയ്തത് എന്നത് ശരിയാണ്. മണിച്ചേട്ടൻ ഓടിച്ചിരുന്നത് ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങള്‍ക്കു മനസിലാകും.

ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്നാട് റജിസ്ട്രേഷന്‍ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയത് കൊണ്ടാണ് അത് ഉപയോഗശൂന്യമായത്. മറ്റ് കാര്യങ്ങൾ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചെയ്യാൻ സാധിക്കുക. അതിനപ്പുറത്തേയ്ക്ക് ആ വണ്ടിക്കുള്ളിൽ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ചുപോയി, തകർന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വീഡിയോകൾ കണ്ടു.

ഈ അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇത് ചൊയ്യാൻ വന്നയാളുടെ ഭാര്യയുടെ ഫോട്ടോയും മറ്റ് പലരൂപത്തിലും അവതരിപ്പിച്ചതായി കാണുന്നുണ്ട്. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്ന കാരയങ്ങളാണ്. ആ വീഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

മണിച്ചേട്ടൻ നാടൻപാട്ടുകൾ പഠിച്ചത് തൊട്ടടുത്തുളള ചേട്ടനിൽ നിന്നാണെന്നൊക്കെ വ്ലോഗ് കണ്ടു. മണിച്ചേട്ടൻ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടൻ പാട്ടുകൾ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞാനും മണിച്ചേട്ടനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവിൽ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാൻ പോയിട്ടില്ല. 

ഇത്തരത്തിലുള്ള വ്യാജമായ പ്രചരണങ്ങൾ യുട്യൂബിൽ വരുന്നുണ്ട് എന്നത് നിങ്ങൾ അറിയണം. ചൂടപ്പം പോലെ വീഡിയോ വിറ്റഴിക്കാൻ അസത്യം പറയുകയാണ് ഇവർ. നിങ്ങൾ വഞ്ചിതരാകരുത്. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ അവർ ഞങ്ങൾക്കെതിരെയാകും. പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നുവർ വരിക. പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കാലിൽ വീണ് ഞങ്ങൾ അപേക്ഷിക്കുകയാണ്. നിങ്ങൾ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കൂ. അല്ലാതെ വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. 

Follow Us:
Download App:
  • android
  • ios