മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്ക് പുറത്തിറങ്ങി. 

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ പ്രഖ്യാപന സമയം മുതല്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. സമീപവര്‍ഷങ്ങളില്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി നടത്തിയിട്ടുള്ള പരീക്ഷണം തന്നെയാണ് ഈ ചിത്രത്തിന്മേല്‍ പ്രേക്ഷകര്‍ക്ക് ആവേശമുണ്ടാക്കുന്നത്. ഡിസംബര്‍ 5 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ​ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. സ്പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ്‍ഫോമുകളില്‍ പാട്ടുകള്‍ കേള്‍ക്കാനാവും. 

ആദ്യം നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പിന്നീട് ഡിസംബര്‍ 5 ലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ട്രെയ്‌ലറിന് മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്