Asianet News MalayalamAsianet News Malayalam

'സര്‍പട്ട പരമ്പരൈ'യ്ക്കു ശേഷമുള്ള പാ രഞ്ജിത്ത് ചിത്രത്തില്‍ നായകന്‍ കാളിദാസ്?

റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ

kalidas jayaram is the next hero of pa ranjith?
Author
Thiruvananthapuram, First Published Jul 29, 2021, 9:01 PM IST

ആമസോണ്‍ പ്രൈം റിലീസ് ആയെത്തി വന്‍ പ്രേക്ഷക പ്രതികരണം നേടിയ 'സര്‍പട്ട പരമ്പരൈ'യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 'നച്ചത്തിരം നഗര്‍ഗിരത്' എന്നാണ് ചിത്രത്തിന്‍റെ പേരെന്നും 'സര്‍പട്ട'യില്‍ നായികാ കഥാപാത്രമായ മാരിയമ്മയെ അവതരിപ്പിച്ച ദുഷറ വിജയന്‍ ആയിരിക്കും ചിത്രത്തിലെ നായികയെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനെക്കുറിച്ചും വിവരങ്ങള്‍ എത്തുകയാണ്.

റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ നായകന്‍റെ റോളിലേക്ക് രണ്ടുപേരെയാണ് സംവിധായകന്‍ പ്രധാനമായും പരിഗണിച്ചതെന്നാണ് നേരത്തേ ലഭിച്ചിരുന്ന വിവരം. അശോക് സെല്‍വനും കാളിദാസ് ജയറാമും. അതില്‍ കാളിദാസിനാണ് അന്തിമമായി നറുക്ക് വീണിരിക്കുന്നതെന്ന് ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം 'പാവ കഥൈകളി'ലെ കാളിദാസിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജിന്‍റെ കമല്‍ ഹാസന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി കാളിദാസ് എത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം 'നച്ചത്തിരം നഗര്‍ഗിരത്' സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

'കാല'യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്‍ത സര്‍പട്ട പരമ്പരൈ എഴുപതുകളിലെ വടക്കന്‍ ചെന്നൈ പശ്ചാത്തലമാക്കുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമാണ്. നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പാ രഞ്ജിത്ത് സഹനിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കബിലന്‍ എന്ന ബോക്സറായാണ് ആര്യ എത്തിയത്. ആര്യയുടെ കരിയറിലെ ഏറ്റവും വലിയ സോളോ ഹീറോ വേഷവും ചിത്രവുമാണ് ഇത്. പശുപതി, ജോണ്‍ വിജയ്, ജോണ്‍ കൊക്കന്‍, ഷബീര്‍ കല്ലറയ്ക്കല്‍, ദുഷറ വിജയന്‍, അനുപമ കുമാര്‍ തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍ക്കെല്ലാം കൈയടികള്‍ നേടിക്കൊടുത്ത ചിത്രം കൂടിയാണ് സര്‍പട്ട പരമ്പരൈ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios