ബാലതാരമായി തിളങ്ങി നായകനായി മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് കാളിദാസ് ജയറാം. തന്റെ ചെറുപ്പകാലത്ത് സത്യൻ അന്തിക്കാടിന് ഒപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒരു ഫോട്ടോ കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തത് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ജയറാമിന്റെ മകനായ കാളിദാസ് ജയറാം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയാണ് ബാലതാരമാകുന്നത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ആദ്യ സിനിമയാണെങ്കിലും മികച്ച പ്രകടനമാണ് കാളിദാസ് ജയറാം നടത്തിയത്. ആരാധകര്‍ കാളിദാസ് ജയറാമിന്റെ കുസൃതികള്‍ ഏറ്റെടുത്തിരുന്നു. ജയറാമിന്റെ മകൻ തന്നെയായിട്ടാണ് സിനിമയില്‍ കാളിദാസ് ജയറാം അഭിനയിച്ചത്. ബാലതാരമായി ദേശീയ അവാര്‍ഡും സ്വന്തമാക്കിയ കാളിദാസ് ജയറാം ഇപ്പോള്‍ മലയാള യുവനടൻമാരില്‍ ശ്രദ്ധേയനാണ്. തമിഴില്‍ ആദ്യമായി നായകനായ കാളിദാസ് ജയറാം പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലും തിരിച്ചെത്തി. ഇപ്പോള്‍ നായകനായി വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ് ജയറാം. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്‍ ആണ് കാളിദാസ് ജയറാമിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ഒരു ചിത്രം. ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‍സ് എന്ന സിനിമയിലും കാളിദാസ് ജയറാമിന് മികച്ച വേഷമാണ് ഉള്ളത്.