മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കഥാപാത്ര തെരഞ്ഞെടുപ്പുകളെക്കുറിച്ചും ധ്രുവ് വിക്രം
സിനിമകളുടെ വേറിട്ട തെരഞ്ഞെടുപ്പുകള്‍ കൊണ്ടും പ്രകടനം കൊണ്ടും സമീപകാലത്ത് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട് മമ്മൂട്ടി. കാതലും നന്‍പകല്‍ നേരത്ത് മയക്കവുമൊക്കെ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും മറുഭാഷാ അഭിനേതാക്കള്‍ക്കിടയിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കളങ്കാവലും അത്തരത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. പല ഭാഷകളിലെ അഭിനേതാക്കള്‍ ചേര്‍ന്നുള്ള ഒരു റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ തമിഴ് നടന്‍ ധ്രുവ് വിക്രമാണ് മമ്മൂട്ടിയെക്കുറിച്ചും കളങ്കാവലിനെക്കുറിച്ചും പറയുന്നത്.
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ നടത്തിയ ആക്ടേഴ്സ് റൗണ്ട് ടേബിളിലാണ് ധ്രുവ് ഇക്കാര്യം പറയുന്നത്. ഏറ്റവും ഒടുവില്‍ തിയറ്ററില്‍ പോയി കണ്ട ചിത്രം ഏതെന്ന് പറയാനായിരുന്നു അവതാരകയായ അനുപമ ചോപ്രയുടെ ചോദ്യം. ഇതിന് കളങ്കാവല്‍ എന്നായിരുന്നു ധ്രുവ് വിക്രത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- “ഞാന്‍ ഈയിടെ തിയറ്ററില്‍ കണ്ട ചിത്രം മമ്മൂട്ടി സാറിന്‍റെ കളങ്കാവല്‍ ആണ്. ഗംഭീരമായിരുന്നു അത്. സ്വന്തം തോളില്‍ ആ ചിത്രം മുഴുവന്‍ അദ്ദേഹം ക്യാരി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിലയിലുള്ള ഒരു സൂപ്പര്‍താരം ഇത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സന്നദ്ധത കാട്ടുന്നത് ശ്രദ്ധേയമാണ്. ആ നിലയില്‍ താരപരിവേഷമുള്ള അധികം പേര്‍ അതിന് തയ്യാറാവില്ല. അത്തരം തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുന്നതും അതുമായി മുന്നോട്ട് പോകുന്നതും കാണുന്നത് ഏറെ താല്‍പര്യജനകമാണ്”, ധ്രുവ് വിക്രം പറയുന്നു.
ഒരു സമീപകാല അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത കല്യാണി പ്രിയദര്‍ശനും കളങ്കാവലിലെ പ്രതിനായക കഥാപാത്രത്തെ തെരഞ്ഞെടുത്തത് മമ്മൂട്ടിയാണെന്ന കാര്യം ബേസില്‍ ജോസഫും പറയുന്നുണ്ട്. പുതിയ കഥകളുമായി മമ്മൂട്ടിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് തന്നെ മനസില്‍ കണ്ട് എഴുതിയ കഥകളുമായി സമീപിക്കേണ്ടതില്ല എന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കളങ്കാവല്‍ സംവിധായകന്‍ മമ്മൂട്ടിയെ ആദ്യം സമീപിച്ചത് നായക വേഷത്തില്‍ അഭിനയിക്കാനാണെന്നും എന്നാല്‍ മമ്മൂട്ടിയാണ് വില്ലന്‍ വേഷം താന്‍ ചെയ്യാമെന്ന് പറഞ്ഞതെന്നും ബേസില്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്. ധ്രുവ് വിക്രം മമ്മൂട്ടിയെക്കുറിച്ച് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.



