റൂട്ട്സ് വീഡിയോ യുട്യൂബ് ചാനലിലൂടെ ജൂലൈ ഒന്നിന് റിലീസ്

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്‍ത 'ബാക്ക് പാക്കേഴ്സ്' എന്ന ചിത്രം യുട്യൂബ് റിലീസിന് ഒരുങ്ങുന്നു. റൂട്ട്സ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ മാര്‍ച്ച് 16ന് ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. സ്ട്രീമിംഗില്‍ 100 ദിനങ്ങള്‍ പിന്നിട്ടതിന്‍റെ ആഘോഷം എന്ന രീതിയിലാണ് ചിത്രത്തിന്‍റെ യുട്യൂബ് റിലീസ് റൂട്ട്സ് വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. റൂട്ട്സ് വീഡിയോ യുട്യൂബ് ചാനലിലൂടെ ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും. 

യഥാര്‍ത്ഥ ജീവിതകഥയെ ആസ്‍പദമാക്കിയതെന്ന് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക നായരാണ് നായിക. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് പേര്‍ക്കിടയിലെ പ്രണയമാണ് ചിത്രം പറയുന്നത്. ജയരാജിന്‍റേതുതന്നെയാണ് കഥ. സംഗീതം സച്ചിന്‍ ശങ്കര്‍. സൂരജ് സന്തോഷും അഖില ആനന്ദുമാണ് ആലാപനം. 

പ്രകൃതി പിക്ചേഴ്സിന്‍റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്. രണ്‍ജി പണിക്കര്‍, ശിവജിത് പദ്മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.