പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉറപ്പായി എന്ന വിവരമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൈദരാബാദ്: നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരുൾപ്പെടെയുള്ള വന്‍ താരനിരയെ ഉൾപ്പെടുത്തി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സയൻസ് ഫിക്ഷൻ മിത്തോളജിക്കല്‍ ചിത്രമാണ് 'കൽക്കി 2898 എഡി'. ജൂണ്‍ 27ന് പുറത്തിറങ്ങിയതു മുതൽ ഗംഭീര പ്രതികരണമാണ് ചിത്രം നേടുന്നത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രം "തുടരും..." എന്ന് സൂചിപ്പിച്ച് ഒരു ക്ലിഫ്‌ഹാംഗറോടെയാണ് അവസാനിക്കുന്നത്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എപ്പോള്‍ എത്തും എന്നതാണ് ചോദ്യമായി ഉയരുന്നത്. ചിത്രത്തിന്‍റെ ഒരു പ്രമോഷനിടെ പ്രഭാസ് ചിത്രത്തിന്‍റെ ലോകം വലുതാണെന്നും. അത് ഒരു ചിത്രത്തില്‍ പറഞ്ഞുപോകാവുന്ന കഥയായി അല്ല നാഗ് അശ്വിന്‍ അവതരിപ്പിക്കുക എന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ ചിത്രത്തിന്‍റെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സ് ഉണ്ടാകുക എന്ന സൂചന നാഗ് അശ്വിന്‍ നേരത്തെ നല്‍കിയിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉറപ്പായി എന്ന വിവരമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗ് അശ്വിന്‍ തന്നെ ഇത് സ്ഥിരീകരിച്ചെന്നാണ് വിവരം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തിലാണ് 'കൽക്കി 2898 എഡി' ആരംഭിക്കുന്നത്. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഹിന്ദു മിത്തോളജി പ്രകാരം അവസാന അവതാരം എന്ന വിശ്വാസവും ചിത്രം സ്വീകരിക്കുന്നുണ്ട്. 

മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തിന് 6000 വർഷങ്ങൾക്ക് ശേഷം, അവസാന നഗരമായ കാശിയെ ഏകാധിപത്യ പരമോന്നത യാസ്കിൻ ഭരിക്കുന്ന ഒരു ലോകത്തിലാണ് കഥ നടക്കുന്നത്. പ്രഭാസ് ഭൈരവ എന്ന റോളിലും, അശ്വതാമാവായി അമിതാഭും എത്തുന്നു. 

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 191.5 കോടി ആണെന്ന് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപണര്‍ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അതേസമയം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 

കല്‍ക്കി 2898 എഡി കേരളത്തില്‍ എത്ര നേടി?, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

'സുപ്രീം ലീഡര്‍ യാസ്‌കിൻ' കൽക്കി 2898 എഡിയില്‍ കമൽഹാസന് കൈയ്യടി; ഇത് വെറും തുടക്കമെന്ന് കമല്‍