'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' എന്ന ചിത്രത്തിലൂടെ സൂപ്പര്‍ഹീറോ നായികയായി മാറിയ കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

ലോക ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രം കല്യാണി പ്രിയദര്‍ശന് നല്‍കിയതുപോലെ ഒരു കരിയര്‍ ബ്രേക്ക് മലയാളത്തിലെന്നല്ല, ഏത് ഭാഷയിലും അധികം അഭിനേതാക്കള്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ഹീറോ നായികയായിരുന്ന ചന്ദ്ര കല്യാണിക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടിക്കൊടുത്തു. നായികാ പ്രാധാന്യമുള്ള ഒരു സിനിമ ഇത്ര വലിയ വിജയം നേടുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രവുമായിരുന്നു ലോക. ഇപ്പോഴിതാ കല്യാണി കരിയറില്‍ അടുത്തൊരു ഘട്ടത്തിലേക്കും കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാത്തിരിപ്പേറ്റിയ ചിത്രം

ലോകയുടെ വന്‍ വിജയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമയും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധുരന്ദറിലൂടെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്ന് നേടിയ രണ്‍വീര്‍ സിംഗിനൊപ്പമായിരിക്കും കല്യാണിയുടെ ഹിന്ദി സിനിമാ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹന്‍സല്‍ മെഹ്തയുടെ മകന്‍ ജയ് മെഹ്തയുടെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം പ്രളയ്‍യിലൂടെ ആയിരിക്കും ഈ അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിയ ഭട്ട് നായികയാവുമെന്ന് കരുതപ്പെട്ടിരുന്ന പ്രോജകറ്റ് ആയിരുന്നു ഇത്. എന്നാല്‍ അലിയയ്ക്ക് പകരം നിര്‍മ്മാതാക്കള്‍ കല്യാണിയെ തീരുമാനിച്ചു എന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ രണ്‍വീര്‍ സിംഗിന്‍റെ അരങ്ങേറ്റം കൂടി ആയിരിക്കും ഈ ചിത്രം. മാ കസം ഫിലിംസിന്‍റെ ബാനറിലായിരിക്കും രണ്‍വീര്‍ ചിത്രം നിര്‍മ്മിക്കുക. ഹന്‍സല്‍ മെഹ്തയുടെ സംവിധാനത്തിലെത്തിയ ജനപ്രിയ സിരീസ് ആയ സ്കാം 1992: ദി ഹര്‍ഷദ് മെഹ്ത സ്റ്റോറിയില്‍ അച്ഛനെ അസിസ്റ്റ് ചെയ്തിരുന്നു ജയ് മെഹ്ത. ഏറെക്കാലമായി സംവിധാന അരങ്ങേറ്റത്തിനായുള്ള ആലോചനയിലുമായിരുന്നു അദ്ദേഹം. ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയില്‍ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.

വേറിട്ട ആഖ്യാനം

ചിത്രത്തിന്‍റെ കഥയെക്കുറിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അത് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് പ്രകാരം ഭാവിയില്‍ സെറ്റ് ചെയ്തിരിക്കുന്ന ഒരു ലോകത്താണ് കഥ നടക്കുന്നത്. മുംബൈ നഗരത്തിന്‍റെ വീഴ്ചയുടെ പശ്ചാത്തലത്തില്‍ സോംബികളുടെ കഥയാവും ചിത്രം പറയുന്നതെന്നാണ് വിവരം. എഐ നിര്‍മ്മിതമായ സെറ്റുകളാവും ചിത്രത്തിനായി ഉപയോഗപ്പെടുത്തുക. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നിനാണ് ജയ് മെഹ്ത ഒരുങ്ങുന്നത്. അതേസമയം കല്യാണിയുടെ കാസ്റ്റിംഗിന് അടക്കം ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming