'വിക്രം' ചിത്രീകരണത്തിന്‍റെ ഇടവേളയിലാണ് കമലും ലോകേഷും മാലിക് കാണാന്‍ സമയം കണ്ടെത്തിയത്.

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'മാലിക്' കണ്ട് കമല്‍ ഹാസനും ലോകേഷ് കനകരാജും. ലോകേഷിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസനും ഫഹദും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം' ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ 16ന് ചിത്രീകരണം ആരംഭിച്ച സംഘത്തിലേക്ക് ഫഹദ് എത്തിയത് ഇന്നലെയാണ്. 'വിക്രം' ചിത്രീകരണത്തിന്‍റെ ഇടവേളയിലാണ് കമലും ലോകേഷും മാലിക് കാണാന്‍ സമയം കണ്ടെത്തിയത്.

ഫഹദിന്‍റെ അഭിനയം ഗംഭീരമാണെന്ന് വിലയിരുത്തിയ കമല്‍ ഹാസന്‍ മഹേഷ് നാരായണനെയും അഭിനന്ദിച്ചു. ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചും സംവിധാന ശൈലിയെക്കുറിച്ചും കമല്‍ എടുത്തുപറഞ്ഞു. ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു ലോകേഷ് കനകരാജിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിലെ കമല്‍ ഹാസന്‍റെ ഓഫിസിൽ വച്ചാണ് കമലും ലോകേഷും ഫഹദിനെയും മഹേഷിനെയും കണ്ടത്. മാലിക് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്.

'ദൃശ്യം 2'നും 'ജോജി'ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു മാലിക്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona