Asianet News MalayalamAsianet News Malayalam

‘മിസ്റ്റർ ഹിറ്റ്ലർ, ഇത് ജ‍ർമനിയല്ല’; അൺപാർലമെന്ററി വാക്കുകളുടെ പട്ടികയ്ക്ക് എതിരെ കമൽഹാസൻ

വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തിയിരുന്നു.

Kamal Haasan against list of unparliamentary words
Author
Chennai, First Published Jul 14, 2022, 10:16 PM IST

ചെന്നൈ: ലോക്സഭാ സെക്രട്ടേറിയറ്റ് അൺപാർലമെന്ററി(Unparliamentary words) വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ കമൽ ഹാസൻ(Kamal Haasan). മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ല എന്നാണ് കമൽ ഹാസന്റെ പ്രതികരണം‍. ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണെന്നും കമൽ ഹാസൻ പറയുന്നു. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്നും കമൽ ഹാസൻ ആരോപിച്ചു. 

വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കാനുപയോ​ഗിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്ററിയാണെന്നും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണെന്നും രാഹുൽ ​ഗാന്ധി പരിഹസിച്ചു. ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. 

'പാര്‍ലമെന്‍റില്‍ ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ല' സ്പീക്കര്‍ ഓം ബിര്‍ള

ഇന്നാണ് പാർലമെന്റിൽ ചില വാക്കുകൾ ഉപയോ​ഗിക്കരുതെന്ന നിർദ്ദേശം വന്നത്. അഴിമതി, സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.  ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ ഓം ബിര്‍ളയും രംഗത്തെത്തി. അഴിമതിയുള്‍പ്പെടെ 65 വാക്കുകള്‍ വിലക്കിയ പാര്‍ലമെന്‍റ് നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എത്തിയത്. ചില വാക്കുകൾ വിലക്കുന്നത് പുതുമയുള്ള കാര്യമല്ല.1954 മുതൽ നിലവിലുള്ള രീതിയാണത്..ഒരു പാർലമെൻ്റ് നടപടി മാത്രമാണ്.അതിൻ്റെ പേരിൽ അനാരോഗ്യ ചർച്ചകൾ വേണ്ട. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുത്.വിലക്കെന്ന് വിശേഷിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios