ബോളിവുഡോ സൗത്ത് സിനിമയോ വലുത്? തര്‍ക്കം മതിയാക്കാം; ആ രണ്ട് സൂപ്പര്‍ താരങ്ങളും ആദ്യമായി ഒന്നിക്കുന്നു!
ബോളിവുഡിലും വിജയം നേടിയ തെന്നിന്ത്യന്‍ സംവിധായകന്‍
ബോളിവുഡ് ആണോ ദക്ഷിണേന്ത്യന്‍ സിനിമയാണോ മികച്ചത്? സമീപകാലത്ത് രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ള ചോദ്യമാണ് ഇത്. അതിന് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ പോലും ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകള്‍ക്കാണ് മാര്‍ക്ക് കൂടുതല്‍ നല്‍കാറും. ഒടിടിയുടെ വരവോടെ ഇതുവരെ കാണാതിരുന്ന പല ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളും ഹിന്ദി പ്രേക്ഷകര്‍ കാര്യമായി കാണാന്‍ തുടങ്ങി എന്നതുതന്നെ ഇതിന് കാരണം. ഇപ്പോഴിതാ രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളെ ആവേശഭരിതരാക്കാനാവുന്ന ഒരു വാര്‍ത്ത പുറത്തുവരികയാണ്. വരാനിരിക്കുന്ന ഒരു ചിത്രം സംബന്ധിച്ചാണ് അത്.
ബോളിവുഡിലെയും തെന്നിന്ത്യയിലെയും ഓരോ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി ഒരു ചിത്രം വരുന്നു എന്നതാണ് അത്. ജവാനിലൂടെ ഹിന്ദിയിലും വലിയ വിജയം കണ്ടത്തിയ ആറ്റ്ലിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. സല്‍മാന്‍ ഖാനും കമല്‍ ഹാസനുമാണ് നായകന്മാര്‍. രണ്ട് നായകന്മാര്‍ക്കും ഒരേപോലെ പ്രാധാന്യമുള്ള ഈ ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ സാധ്യതയുള്ള ചിത്രമായിരിക്കും. പിങ്ക് വില്ലയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ഒക്ടോബറില്‍ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയിലാവും ആരംഭിക്കുക. ഈ മാസം അവസാനം രണ്ട്പേരും ഓകെ പറഞ്ഞതിന് ശേഷമാവും ആറ്റ്ലി ഫൈനല്‍ സ്ക്രിപ്റ്റ് ലോക്ക് ചെയ്യുക. സല്‍മാന്‍ ഖാനും കമല്‍ ഹാസനും ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നതെന്നാണ് പ്രോജക്റ്റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സല്‍മാന്‍ ഖാനും കമല്‍ ഹാസനുമൊപ്പമുള്ള ആറ്റ്ലിയുടെ ആദ്യ ചിത്രവുമാണ് ഇത്. ജവാന്‍റെ വിജയത്തിന് ശേഷം ആക്ഷന് പ്രാധാന്യമുള്ള ഒരു ബിഗ് കാന്‍വാസ് ചിത്രം ചെയ്യണമെന്നതായിരുന്നു ആറ്റ്ലിയുടെ ആഗ്രഹം. അത് ഈ രണ്ട് സൂപ്പര്‍ താരങ്ങളെയും ഒരുമിച്ച് എത്തിച്ചുകൊണ്ട് സാധിക്കുകയാണ് അദ്ദേഹം.
ALSO READ : 'ശാര്‍ദ്ദൂല വിക്രീഡിതം'; മലയാളത്തില്‍ നിന്ന് മറ്റൊരു വെബ് സിരീസ് കൂടി