ഉത്തര്‍ പ്രദേശിലെ ഹാഥ്‍റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പൊലീസ് നടപടികളില്‍ പ്രതികരണവുമായി കമല്‍ ഹാസന്‍. യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇത്തരം ക്രൂരമായ പ്രവര്‍ത്തികളില്‍ ഒരു പങ്ക് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കുമുണ്ടെന്നും കമല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

"രാഷ്ട്രീയ മര്യാദയില്ലാത്ത പെരുമാറ്റത്തിന്‍റെ അങ്ങേയറ്റം! യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഈ തരത്തിലുള്ള ക്രൂരതകള്‍ക്കായി വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് ഞങ്ങള്‍ ജനങ്ങളാണ്. രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്‍റെ തത്വശാസ്ത്രത്തിനുമപ്പുറത്ത് പകയും വെറുപ്പും വളര്‍ന്ന് പെരുകുകയേ ഉള്ളൂ, ഭൂരിപക്ഷം അപലപിക്കും വരെ", കമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഹാഥ്റസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ് പൊലീസിന്‍റെ നിലപാട് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയാണ്.  ഫൊറൻസിക് പരിശോധനാറിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കാൻ ഒന്നുമില്ല. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നും എന്ന് വിധിയെഴുതുകയാണ് പൊലീസ്. ഒപ്പം, സ്ഥലത്ത് ആസൂത്രിതമായി ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇതോടെ, നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് ഈ കേസ് വഴിതിരിയുകയാണ്. അതേസമയം കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അതിന് അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത യുപി പൊലീസ് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.