ചെന്നൈ: തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്‍റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിക്കുന്നു. 

തിരുവനന്തപുരം കോർപ്പറേഷനെ നയിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രൻ എന്ന യുവ വനിതാനേതാവിനെയാണ്. രാഷ്ട്രീയ രംഗത്തെ മുൻ പരിചയങ്ങളെല്ലാം മാറ്റിനിർത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  

ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്‍സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. 

ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാരാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ  സന്തോഷം എന്നും രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.