കമല്‍ ഹാസന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഫിലിംസിന്‍റെ ചെന്നൈയിലെ ഓഫീസില്‍ വച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച

മലയാള സിനിമയിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന് പുറമെ തമിഴ് പ്രേക്ഷകര്‍ക്കിടയിലും ചിത്രം തരംഗം തീര്‍ക്കുകയാണ്. കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ ചില റെഫറന്‍സുകള്‍ക്കും അതീവപ്രാധാന്യമുണ്ട്. ചിത്രം കണ്ട് ഇഷ്ടപ്പെട്ട കമല്‍ ഹാസന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചിത്രത്തിലെ താരങ്ങളും അണിയറക്കാരും ചെന്നൈയിലെത്തിയ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ആ കൂടിക്കാഴ്ചയുടെ ഒരു ലഘു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

കമല്‍ ഹാസന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഫിലിംസിന്‍റെ ചെന്നൈയിലെ ഓഫീസില്‍ വച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ചിത്രം തനിക്ക് ഏറെ ഇഷ്ടമായെന്ന് കമല്‍ അണിയറക്കാരെ നേരിട്ട് അറിയിച്ചു. "എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. അത് കമല്‍ ഹാസന്‍റെ പേര് പറഞ്ഞതുകൊണ്ടല്ല. കാതല്‍ എന്നത് സൗഹൃദത്തിന്‍റെ കാര്യത്തിലും പറയാവുന്നതാണ്". കമല്‍ ഹാസന്‍റെ വാക്കുകള്‍. സംവിധായകനായ കമല്‍ ഹാസന്‍റെ വലിയ ആരാധകനാണ് താനെന്ന് സംവിധായകന്‍ ചിദംബരം പറയുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

എറണാകുളം മഞ്ഞുമ്മലില്‍ നിന്നുള്ള യുവാക്കളുടെ ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് നടത്തുന്ന വിനോദയാത്രയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. രസകരമായ ഒരു ആഘോഷയാത്ര പൊടുന്നനെ ഒരു അപകടത്തിലക്ക് നീങ്ങുന്നതും തുടര്‍ന്നുള്ള അവരുടെ രക്ഷാശ്രമങ്ങളുമാണ് ചിത്രം. മഞ്ഞുമ്മലിലെ ഒരു സുഹൃദ്സംഘത്തിന്‍റെ യഥാര്‍ഥ അനുഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സൌബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

​ALSO READ : ഗുണ കേവ് സെറ്റിന് മാത്രം 4 കോടി? 'മഞ്ഞുമ്മല്‍ ബോയ്‍സി'ന്‍റെ ആകെ ബജറ്റ് എത്ര? സംവിധായകന്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം