മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ നായകനായെത്തുന്ന തഗ് ലൈഫ് ജൂൺ 5ന് തിയേറ്ററുകളിലെത്തും.

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനായി സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. തിയേറ്റർ റിലീസിന് മുമ്പ് സർട്ടിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കിയ ചിത്രം ജൂണ്‍ 5നാണ് തീയറ്ററില്‍ എത്തുന്നത്. 2025 മെയ് 19 നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് യുഎ 16+ റേറ്റിംഗ് നൽകിയത്. 

ഔദ്യോഗിക സിബിഎഫ്‌സി സർട്ടിഫിക്കറ്റ് അനുസരിച്ച് തഗ് ലൈഫിന് 165.42 മിനിറ്റ് (ഏകദേശം 2 മണിക്കൂർ 45 മിനിറ്റ്) റൺടൈം ഉണ്ട്. ചിത്രത്തിന്‍റെ ഫൈനല്‍ പതിപ്പില്‍ വിഷ്വല്‍ കട്ടുകള്‍ ഒന്നും തന്നെയില്ല. സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ഡയലോഗ് ട്രാക്കിലെ രണ്ട് അസഭ്യ വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. 

അതേ സമയം ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം സംബന്ധിച്ച പ്രവചനങ്ങള്‍ വരുന്നുണ്ട്. അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയെ മറികടന്ന്, ഈ കമല്‍ഹാസന്‍ ചിത്രം വർഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണിംഗ് നേടും എന്നാണ് ഇപ്പോള്‍ വരുന്ന പ്രവചനം. 2025 ലെ ഇന്ത്യൻ ബോക്‌സ് ഓഫീസിലെ മികച്ച ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിൽ വിക്കി കൗശലിന്റെ ചാവയെ മറികടക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

കമൽഹാസനും മണിരത്നത്തിനും തഗ് ലൈഫിന് മികച്ച ഓപ്പണിംഗ് കിട്ടുമെന്നാണ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് കോയിമോയി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ, ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിവസം 35 കോടിയിലധികം കളക്ഷൻ നേടാനാണ് സാധ്യത എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇത്തരമൊരു തുടക്കം ലഭിച്ചാല്‍ 2025 ലെ രണ്ടാമത്തെ വലിയ ഇന്ത്യൻ ഓപ്പണർ ആകാനുള്ള സാധ്യതയും ചിത്രത്തിനുണ്ട്. 

രാജ് കമല്‍ ഫിലിംസ്, റെഡ് ജൈന്‍റ് ഫിലിംസ് , മദ്രാസ് ടാക്കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം 250-300 കോടി ബജറ്റിലാണ് ഒരുക്കുന്നത് എന്നാണ് വിവരം.