'തമിഴ് സിനിമകളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്ന കഥാപാത്രങ്ങള്‍ തൃപ്തി നല്‍കുന്നവയായിരുന്നില്ല (കരിയറിന്‍റെ തുടക്കത്തില്‍). നിങ്ങള്‍ തമിഴിലേക്ക് വരണമെന്ന് എങ്ങനെ ആഗ്രഹിച്ചോ അങ്ങനെയാണ് മലയാളത്തിലേക്ക് പോകണമെന്ന് ഞാനും ആഗ്രഹിച്ചത്..'
ഒരു അഭിനേതാവ് എന്ന നിലയില്‍ മലയാളസിനിമ തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിജയ് സേതുപതിയുമായി നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍ കമല്‍ ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളികള്‍ തങ്ങളിലൊരാളായി എക്കാലവും തന്നെ നോക്കിക്കാണുന്നതിലെ ആഹ്ളാദം പങ്കുവെക്കുകയാണ് കമല്‍. ഇന്‍സ്റ്റഗ്രാം ലൈവിലൂടെ എ ആര്‍ റഹ്മാനുമായി നടത്തിയ സംഭാഷണത്തിലാണ് കമല്‍ മലയാളികള്‍ക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ച് മനസ് തുറന്നത്. കമല്‍ ഹാസന്‍ സംവിധാനം ചെയ്യാനിരിക്കുന്ന തലൈവന്‍ ഇറുക്കിന്‍ഡ്രാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് എന്‍റര്‍ടെന്‍മെന്‍റ് ചാനല്‍ ആയ ഓപണ്‍ പണ്ണ സംഘടിപ്പിച്ച സംഭാഷണത്തിലാണ് കമലിന്‍റെ അഭിപ്രായപ്രകടനം. ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്മാന്‍ ആണ്.
"തമിഴ് സിനിമകളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്ന കഥാപാത്രങ്ങള്‍ തൃപ്തി നല്‍കുന്നവയായിരുന്നില്ല (കരിയറിന്‍റെ തുടക്കത്തില്‍). നിങ്ങള്‍ തമിഴിലേക്ക് വരണമെന്ന് എങ്ങനെ ആഗ്രഹിച്ചോ അങ്ങനെയാണ് മലയാളത്തിലേക്ക് പോകണമെന്ന് ഞാനും ആഗ്രഹിച്ചത്. സംസാരത്തില്‍ അടക്കം, ഞാനിപ്പോള്‍ പാതി മലയാളിയാണ്. ആരംഭത്തില്‍ എന്‍റെ സുഹൃത്തുക്കളും മലയാളികള്‍ ആയിരുന്നു. തങ്കപ്പന്‍ മാസ്റ്ററെ (ഡാന്‍സര്‍) താങ്കള്‍ക്ക് അറിയാം. അദ്ദേഹത്തിന്‍രെ മകന്‍ സൂര്യയേക്കാളും നന്നായി ഞാന്‍ മലയാളം പറയും. ഇപ്പോഴും ചില മലയാളികളുണ്ട്, കമല്‍ ഹാസന്‍ തമിഴനാണെന്ന് പറഞ്ഞാല്‍ വഴക്കിനു വരും. 'ആരു പറഞ്ഞു, ഹേ നമ്മുടെ ആളാണ്' എന്ന് പറയും. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ എനിക്ക് അത്തരമൊരു സ്വീകാര്യത (കേരളത്തില്‍) ലഭിച്ചു. പതിനെട്ടു വയസ്സിലൊക്കെത്തന്നെ. കുറഞ്ഞ കാലത്തിനുള്ളില്‍ അവിടെ അറിയപ്പെടുന്ന ഒരു പേരായി എന്‍റേത്", കമല്‍ പറഞ്ഞു.
കരിയറിന്‍റെ തുടക്കത്തില്‍ ഒരുപാട് മലയാളി സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന തനിക്ക് തമിഴ് സംഗീതത്തിലേക്ക് എത്താനുണ്ടായിരുന്ന ആഗ്രഹത്തെക്കുറിച്ചായിരുന്നു എ ആര്‍ റഹ്മാന് പറയാനുണ്ടായിരുന്നത്. "എന്‍റെ അച്ഛന്‍ മലയാളസിനിമയിലായിരുന്നു പ്രധാനമായും വര്‍ക്ക് ചെയ്തിരുന്നത് എന്നതിനാല്‍ എനിക്കും മലയാളി സുഹൃത്തുക്കളായിരുന്നു കൂടുതല്‍. പക്ഷേ എനിക്ക് തമിഴ് സംഗീതത്തോടാണ് വലിയ ആവേശം തോന്നിയത്. തമിഴില്‍ പ്രവര്‍ത്തിക്കാനും വലിയ ആഗ്രഹമായിരുന്നു". ആ ആഗ്രഹത്തിനു പിന്നാലെയാണ് ഇളയരാജയ്ക്കൊപ്പം ഒന്നര വര്‍ഷം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.
