Asianet News MalayalamAsianet News Malayalam

'വിക്ര'ത്തിലേക്ക് സ്വാഗതം ചെയ്‍ത് കമല്‍ ഹാസന്‍; സ്വപ്‍നം യാഥാര്‍ഥ്യമായെന്ന് നരെയ്‍ന്‍

 'വിക്ര'ത്തില്‍ ജോയിന്‍ ചെയ്‍തതിന്‍റെ സന്തോഷം പങ്കുവച്ച് നരെയ്‍ന്‍

kamal haasan welcomes narain to vikram movie
Author
Thiruvananthapuram, First Published Aug 24, 2021, 3:47 PM IST

താരനിരയുടെ പ്രത്യേകത കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രോജക്റ്റ് ആണ് കമല്‍ ഹാസന്‍ നായകനാവുന്ന 'വിക്രം'. കമലിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലാണ് പ്രഖ്യാപനസമയം മുതല്‍ ഈ ചിത്രത്തെ ആരാധകര്‍ ആഘോഷിച്ചത്. പിന്നാലെയെത്തിയ രണ്ട് താരനിര്‍ണ്ണയങ്ങളും സിനിമാപ്രേമികളില്‍ കൗതുകം നിറയ്ക്കുന്നവയായിരുന്നു. കാളിദാസ് ജയറാമും നരെയ്‍നുമായിരുന്നു അത്. കമലിനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‍റെ ആവേശം കാളിദാസ് നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ 'വിക്ര'ത്തില്‍ ജോയിന്‍ ചെയ്‍തതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നരെയ്‍നും.

ഒരു ഫാന്‍ ബോയ്‍യുടെ സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെ എന്നാണ് കമലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നരെയ്‍ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "ഒരു ഫാന്‍ ബോയ്‍യുടെ സ്വപ്‍നം സത്യമാവുന്ന നിമിഷം, ഒരു നടനാവാന്‍ അവനെ പ്രചോദിപ്പിച്ച ഇതിഹാസത്തിനൊപ്പം തിരശ്ശീല പങ്കിടുന്ന നിമിഷം. കമല്‍ ഹാസനൊപ്പം വിക്രത്തില്‍. നന്ദി പ്രിയ ലോകേഷ്, രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍", നരെയ്‍ന്‍ കുറിച്ചു. നരെയ്‍ന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്‍തുകൊണ്ട് കമല്‍ഹാസനും ലോകേഷും അദ്ദേഹത്തെ വിക്രത്തിലേക്ക് സ്വാഗതം ചെയ്‍തിട്ടുണ്ട്. ലോകേഷ് കനകരാജിന്‍റെ 'കൈതി'യില്‍ 'ഇന്‍സ്‍പെക്ടര്‍ ബിജോയ്' എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ നരെയ്‍ന്‍ അവതരിപ്പിച്ചിരുന്നു.

'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios