ചെന്നൈ: നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വിയോഗത്തില്‍ വിറങ്ങലിച്ച ബോളിവുഡിനെ തകര്‍ത്ത് നിത്യഹരിത നായകന്‍ ഋഷി കപൂറും വിടവാങ്ങി. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഖാര്‍ദ്രരായി തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും. ഋഷി കപൂറിന്‍റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് കമല്‍ഹാസനും ഹൃദയം തകര്‍ന്നുവെന്ന് രജനികാന്തും പ്രതികരിച്ചു. വിശ്വസിക്കാനാകുന്നില്ല. ''ചിന്‍റു ജി (ഋഷി കപൂര്‍) എപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു. പരസ്പര സ്നേഹവും ആദരവുമായിരുന്നു ഞങ്ങള്‍ക്ക്. എന്‍റെ സുഹൃത്തിനെ ഞാന്‍ മിസ് ചെയ്യും. അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഹൃദയത്തില്‍ തൊട്ട അനുശോചനം''

''ഹൃദയം തകര്‍ന്നു. സമാധാനത്തില്‍ അന്ത്യവിശ്രമം കൊള്ളുക. എന്‍റെ പ്രിയ സുഹൃത്ത് ഋഷി കപൂര്‍ '' - എന്നാണ് രജനീകാന്ത് ട്വീറ്റ് ചെയ്തത്.

മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. അമിതാഭ് ബച്ചൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2018 ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നില അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.  രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട ഇദ്ദേഹം 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി.  ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.